തൃശ്ശൂർ: കുതിരാൻ ഇരുമ്പുപാലം പ്രദേശത്ത് കാട്ടാനയുടെ ആക്രമണം. വനംവകുപ്പിന്‍റെ ജീപ്പ് കാട്ടാന തകർത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കാട്ടാന ഇറങ്ങിയെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. എന്നാൽ ആന ജീപ്പിന് നേരെ തിരിയുകയും ചെയ്തതോടെ വനം വകുപ്പ് ജീവനക്കാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി.
ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ജീപ്പിന് നേരെയാണ് ആക്രമണം നടത്തിയത്. ജീപ്പിന്‍റെ മുൻ വശം ആന ഇടിച്ച് തകർത്തു. കഴിഞ്ഞ ദിവസം വനം വാച്ചർ ബിജുവിനെ ആക്രമിച്ച സ്ഥലത്ത് തന്നെയാണ് ഈ ആക്രമണവും നടന്നത്. കാലൊടിഞ്ഞതിനെ തുടർന്ന് ബിജു തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടാന ഇരുമ്പുപാലം പ്രദേശത്ത് തന്നെ തമ്പടിച്ചിരിക്കുകയാണെന്നാണ് വിവരം. ആനയെ കാട് കയറ്റാനുള്ള നടപടി സ്വീകരിക്കാത്ത വനം വകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്.




