കോഴിക്കോട്: കക്കോടിയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശിയായ ഉദയ് മാഞ്ചിയാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിർമാണത്തിലിരിക്കുന്ന വീടിന്റെ ചുറ്റുമതിൽ പണിയുന്നതിനിടെ സമീപത്തെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. രണ്ട് ഇതര സംസ്ഥാന തൊഴിലാളിയും ഒരു മലയാളിയും ചേർന്നാണ് ചുറ്റുമതിൽ നിർമാണത്തിനായി എത്തിയത്. ഇതിൽ ഒരാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്.
മതിലിനടിയിൽ കുടുങ്ങിക്കിടന്ന ഉദയ് മാഞ്ചിയെ ഫയർഫോഴ്‌സ് സംഘം രക്ഷാപ്രവർത്തനത്തിനിടെ പുറത്തെടുത്തു. വെള്ളിമാട്കുന്നിൽ നിന്നെത്തിയ ഫയർഫോഴ്‌സിന്റെ ഇടപെടലിലൂടെയാണ് ഇയാളെ പുറത്തെടുക്കാനായത്.




