തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിലെ താൽക്കാലിക പ്രശ്ന പരിഹാര ശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം ഇന്ന്. കരാർ ഒപ്പിടലിൽ ഉണ്ടായ വിവാദത്തെ കുറിച്ച് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടിവന്ന സാഹചര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കും.
കരാർ ഏകപക്ഷീയമായി ഒപ്പിട്ടതിനെതിരെ ആർജെഡി ചോദ്യം ഉയർത്തുമെന്ന് സൂചനയുണ്ട്. സിപിഐ നേരത്തെ മുന്നണി വിശ്വാസത്തിൽ പെടാതെ സർക്കാർ മുന്നോട്ട് പോയതിൽ അസന്തോഷം പ്രകടിപ്പിച്ചെങ്കിലും സമവായ നിലപാടിന്റെ പശ്ചാത്തലത്തിൽ വിമർശനം ഇന്ന് കടുപ്പിക്കില്ലെന്നാണ് വിലയിരുത്തൽ.
കേന്ദ്ര ഫണ്ട് നഷ്ടപ്പെടുമോയെന്ന ആശങ്കയും യോഗത്തിൽ ചർച്ചയാവും. വൈകിട്ട് നാല് മണിക്ക് എകെജി സെന്ററിലാണു യോഗം നടക്കുന്നത്. അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളും ഇന്ന് ചേരും. കരാർ ഒപ്പിട്ടതിലെ ആശയക്കുഴപ്പം പാർട്ടി നേതൃത്വം വിശദീകരിക്കും.
സിപിഐയുമായി നടന്ന തർക്കം തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഗുണം ചെയ്തില്ലെന്ന വിലയിരുത്തൽ പാർട്ടി ഘടകങ്ങൾക്കുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള പാർട്ടി ഒരുക്കങ്ങളും യോഗങ്ങളിൽ പ്രധാന ചർച്ചയായേക്കും.




