തിരുവനന്തപുരം: രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന യുവാക്കൾ, കർഷകർ, സംരംഭകർ, വിദ്യാർത്ഥികൾ എന്നിവരിൽ നിന്ന് അഭിപ്രായം ശേഖരിച്ച് എന്‍ഡിഎ പ്രകടനപത്രിക തയ്യാറാക്കാൻ ബിജെപി. ഈ നടപടി സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
വർത്തമാന കാലത്തെ വെല്ലുവിളികൾ നേരിടാൻ സമൂഹത്തിലെ വിവിധ തലങ്ങളിൽനിന്ന് പുതിയ ആശയങ്ങളും അഭിപ്രായങ്ങളും ഉയർന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നാടിന്റെ പുരോഗതിക്കായി ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ നിലപാടുകളും ആശയങ്ങളും ബിജെപിയുമായി പങ്കിടാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ക്യൂആർ കോഡ് സ്കാൻ ചെയ്ത് നേരിട്ട് അഭിപ്രായങ്ങൾ അറിയിക്കുന്നതിനായി സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് പോസ്റ്റിൽ പറയുന്നു. ഓരോ വ്യക്തിയും സ്വന്തം വാർഡ്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ എന്തെല്ലാം മാറ്റങ്ങളാണ് ആഗ്രഹിക്കുന്നതെന്ന് പങ്കുവയ്ക്കാനാകും.
ലഭിക്കുന്ന നിർദേശങ്ങളും പ്രാദേശികതലത്തെ ആശയങ്ങളും വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്ന് രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.




