തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ ജാഗ്രതാ നിര്‍ദ്ദേശം. തിരുവനന്തപുരത്ത് കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും കോഴിക്കോട് ചോമ്പാല മുതല്‍ രാമനാട്ടുകര വരെയുമാണ് കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശമുള്ളത്. ഈ തീരങ്ങളില്‍ 0.7 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഈ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.




