ന്യൂഡൽഹി: ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണ നയത്തെ പിന്തുണച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ. ഉപരോധങ്ങളിലൂടെ ഇന്ത്യയെ സമ്മർദത്തിലാക്കാനുള്ള ഏതൊരു ശ്രമത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരമാധികാര രാഷ്ട്രങ്ങൾക്ക് തങ്ങളുടെ പ്രതിരോധ, സാമ്പത്തിക പങ്കാളികളെ സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും പുതിൻ വ്യക്തമാക്കി.
സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യ എപ്പോഴും സ്വന്തം ദേശീയ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുള്ളതെന്നും റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ബാഹ്യ സമ്മർദങ്ങൾ ഉണ്ടായാലും ആ നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും, ഉപരോധ ഭീഷണികൾ നേരിടേണ്ടിവന്നാലും ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ രാജ്യം വിട്ടുവീഴ്ച ചെയ്യില്ലെന്നും പുതിൻ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തെ എടുത്തുകാട്ടിയ അദ്ദേഹം, രാജ്യത്തിന് ഏറ്റവും അനുയോജ്യവും ആധുനികവുമായ പ്രതിരോധ സംവിധാനങ്ങളും സാങ്കേതികവിദ്യകളും തിരഞ്ഞെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞു. മറ്റുരാജ്യങ്ങളുടെ സമ്മർദങ്ങൾക്കപ്പുറം ഇന്ത്യ എല്ലായ്പ്പോഴും സ്വന്തം താൽപര്യങ്ങൾ മുൻനിർത്തിയാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ നിർമിത Su-57 യുദ്ധവിമാനങ്ങളോ S-500 വ്യോമ പ്രതിരോധ സംവിധാനമോ ഇന്ത്യ സ്വന്തമാക്കിയാൽ അമേരിക്കയുടെ ഉപരോധ സമ്മർദം നേരിടേണ്ടിവരുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് പുതിന്റെ പ്രതികരണം. ദേശീയ താൽപര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്ര വിദേശനയമാണ് ഇന്ത്യ സ്ഥിരമായി പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.






