Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മതം അനുസരിച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് സമസ്ത, പാരമ്പര്യമെന്ന് മറുവാദം; ഫാത്തിമ തഹ്ലിയ തെറ്റ് ചെയ്തോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്ലിയ ഒരു ഉദ്ഘാടന ചടങ്ങിൽ നിലവിളക്ക് കൊളുത്തിയപ്പോൾ തന്നെ അസ്വാരസ്യങ്ങൾ പുകഞ്ഞു തുടങ്ങിയിരുന്നതാണ്. പിന്നീട് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല വിഷയം ഏറ്റെടുത്തതോടെ പുകഞ്ഞുതുടങ്ങിയത് കത്തും എന്നുറപ്പിച്ചതുമാണ്. ഒരുപക്ഷേ ശശികല ലക്ഷ്യം വെച്ചതും അതുതന്നെ ആയിരിക്കാം. എന്തായാലും പ്രതീക്ഷിച്ചത് പോലെ വിഷയം മുസ്ലീം സംഘടനകൾ ഏറ്റെടുത്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പേരാമ്പ്രയിലെ ഒരു ഫാമിലി റസ്റ്ററന്റ് നിലവിളക്കു കൊളുത്തി എംഎൽഎ ഉദ്ഘാടനം ചെയ്തതാണ് വിവാദമായത്. ഇത് ഇസ്ലാം വിശ്വാസത്തിന് ചേർന്നതല്ലെന്ന വിമർശനം അന്നേ വന്നിരുന്നെങ്കിലും ഇപ്പോഴത് കുറച്ചുകൂടി കടുപ്പിച്ച് പറയുകയാണ് മുസ്ലീം സംഘടനകൾ.

ഇസ്‌ലാമിൽ അടിസ്ഥാനമില്ലാത്തതും ഇതര മതസ്ഥർ അവരുടെ മതാചാരമായി നിർവഹിക്കുകയും ചെയ്യുന്ന ചടങ്ങുകളും ആചാരങ്ങളും മുസ്‌ലിംകൾ വർജിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്രമുശാവറ യോഗം വ്യക്തമാക്കുകയായിരുന്നു. എന്നാൽ മറ്റു വിളക്കുകളെപ്പോലെ വെളിച്ചം ലഭിക്കാനുളള ഒരു ഉപാധി എന്ന നിലയിൽ നിലവിളക്ക് കത്തിച്ച് ഉപയോഗപ്പെടുത്തുകയാണെങ്കിൽ അത് അനുവദനീയമാണെന്നുമാണു യോഗം വിലയിരുത്തിയത്.

ഇക്കഴിഞ്ഞ ബുധനാഴ്ച ചേർന്ന സമസ്ത മുശാവറ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നതിങ്ങനെ: ‘‘പരിശുദ്ധ ഇസ്‌ലാമിൽ അടിസ്ഥാനമില്ലാത്തതും ഇതര മതക്കാർ അവരുടെ മതാചാരമായി നിർവഹിച്ചു വരുന്നതുമായ ചടങ്ങുകളും ആചാരങ്ങളും മുസ്‌ലിംകൾ വർജിക്കണമെന്ന് കോഴിക്കോട് ചേർന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്രമുശാവറ യോഗം ആഹ്വാനം ചെയ്തു. നിലവിൽ നടക്കുന്ന നിലവിളക്ക് വിവാദം സംബന്ധിച്ച ചർച്ചയിലാണു മുശാവറ യോഗം മേൽ തീരുമാനം കൈക്കൊണ്ടത്. പ്രത്യേക ആചാരങ്ങളിൽ നിലവിളക്ക് കത്തിക്കൽ ഒരു പ്രത്യേക മത ചടങ്ങായി കാലങ്ങളായി അമുസ്‌ലിംകൾ നിർവഹിച്ചു വരുന്ന കാര്യമാണ്. ഇസ്‌ലാം വിരുദ്ധ വിശ്വാസങ്ങൾ ഉൾക്കൊള്ളുകയും അടിസ്ഥാനമാക്കുകയും ചെയ്തു കൊണ്ട് ഒരു മുസ്‌ലിം അങ്ങനെ പ്രവർത്തിച്ചാൽ അത് ഇസ്‌ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്നതാണ് എന്ന ഒരു പരാമർശവും ഇതിലുണ്ട്, എന്നുവെച്ചാൽ, ഇസ്ലാമിക ശാസനകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ തഹ്ലിയ മതത്തിൽ നിന്ന് പോലും പുറത്ത് പോകാൻ തയ്യാറാവണം എന്ന ഭീഷണിയുമുണ്ടെന്ന് മനസിലാക്കണം.

മറിച്ച് അത്തരം വിശ്വാസങ്ങൾ ഉൾക്കൊള്ളാതെയും അടിസ്ഥാനമാക്കാതെയും അമുസ്‌ലിംകളോട് സാദൃശ്യം പുലർത്തുക എന്ന നിലയിലാണ് അത് ചെയ്തതെങ്കിൽ ആ പ്രവർത്തി നിഷിദ്ധവും കുറ്റകരവുമാണ് എന്ന് സമസ്ത കടുപ്പിച്ച് തന്നെ പറയുന്നു. എന്നാൽ, ഒരാൾ വെളിച്ചം മാത്രം ഉദ്ദേശിച്ച് മറ്റ് വിളക്കുകളെ പോലെ വെളിച്ചം ലഭിക്കാനുള്ള ഒരു ഉപാധി എന്ന നിലയിൽ നിലവിളക്ക് കത്തിച്ച് ഉപയോഗപ്പെടുത്തുകയാണെങ്കിൽ അത് അനുവദനീയവും ആണ്. നമ്മുടെ രാജ്യത്തിന്റെ ഐക്യവും സൗഹാർദ്ദവും നിലനിർത്തുന്നതോടൊപ്പം ഇത്തരം കാര്യങ്ങൾ ലാഘവത്തോടെ കാണാതെ എല്ലാവരും സൂക്ഷിക്കേണ്ടതാണെന്ന ഉപദേശവും സമസ്ത മുശാവറ നൽകുന്നുണ്ട്.

നിലവിളക്കു കൊളുത്തിയ സംഭവത്തിൽ ഫാത്തിമ തഹ്‌ലിയയെ വിമർശിച്ച് ഇസ്‌ലാമിക പണ്ഡിതൻ ഹുസൈൻ സലഫിയും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ടി.കെ.അഷ്റഫും നേരത്തേ രംഗത്തുവന്നിരുന്നു. ഇതോടെയാണ് സമൂഹമാധ്യമങ്ങളിലും മറ്റും അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾക്ക് ഇത് ഇടയാക്കിയത്. തിരഞ്ഞെടുപ്പ് വിജയങ്ങൾക്കും രാഷ്ട്രീയ സ്വീകാര്യതയ്ക്കുമായി ക്ഷേത്രങ്ങളിലും പള്ളികളിലും മറ്റ് സമുദായങ്ങളുടെ പരിപാടികളിലും സാന്നിധ്യം അറിയിക്കാൻ മുസ്‌ലിം രാഷ്ട്രീയ നേതാക്കൾ വലിയ സമ്മർദ്ദം നേരിടുന്നുണ്ടെന്നാണ് അഷ്റഫ് പറഞ്ഞത്. ഇത്തരം നടപടികൾ യഥാർത്ഥ സാംസ്കാരിക ഇടപഴകലിൽ നിന്നല്ല, മറിച്ച് രാഷ്ട്രീയമായ കണക്കുകൂട്ടലുകളിൽ നിന്നാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേതൃത്വത്തിലുള്ളവർ മതത്തിന്റെ അതിർവരമ്പുകൾ ഭേതിക്കരുതെന്നാണ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഉപദേശം. പിന്നാലെ തഹ്ലിയയെ പിന്തുണച്ച് ശശികല വന്നതോടെ വിഷയത്തിന്റെ സ്വഭാവവും മാറി.

വിളക്ക് കൊളുത്തുന്നത് കേവലം ഒരു സാംസ്കാരിക ആചാരം മാത്രമാണെന്ന് ഒരുവിഭാഗം വാദിക്കുമ്പോൾ, മതപരമായ പ്രതീകങ്ങളുള്ള ഇത്തരം ചടങ്ങുകളിൽ ഒരു മുസ്‌ലിം ജനപ്രതിനിധി പങ്കെടുക്കാമോ എന്നാണ് മറുവിഭാഗം ചോദിക്കുന്നത്. ഈ വിവാദം തികച്ചും അനാവശ്യമാണെന്ന് വ്യക്തമാക്കിയ പ്രമുഖ എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എം എൻ കാരശ്ശേരി ഫാത്തിമ തഹ്‌ലിയയെ ശക്തമായി പിന്തുണച്ചുകൊണ്ട് പറഞ്ഞത്. കേരളത്തിന് പണ്ടുമുതലേ സാംസ്കാരികമായ ഒത്തുചേരലിന്റെ വലിയൊരു പാരമ്പര്യമുണ്ടെന്നും മുൻകാലങ്ങളിൽ മുസ്‌ലിം ഭവനങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വിളക്കുകൾ ചരിത്രപരമായി ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നുണ്ട്.

ഇതിന്റെ മറ്റൊരു വശം പരിശോധിച്ചാൽ, മതവും ഒരു പ്രദേശത്തോ സമൂഹത്തിലോ ആഴത്തിലിറങ്ങിയ പാരമ്പര്യ ശീലങ്ങളും ഇഴചേർന്ന ഒന്നായിരിക്കും. ലോകമെങ്ങും അങ്ങനെ തന്നെയാണ് കാര്യങ്ങൾ. കോഴിക്കോട്ടെ ഇടിയങ്ങര ശൈഖ് മസ്ജിദ് പോലുള്ള സ്ഥാപനങ്ങളിൽ തലമുറകളായി വിളക്ക് തെളിക്കുന്ന പാരമ്പര്യം നിലനിൽക്കുന്നുണ്ടെന്ന് മതപണ്ഡിതർ തന്നെ സമ്മതിക്കുന്ന ഒന്നാണ്. ഒരു വെളിച്ചത്തിന്റെ സ്രോതസ്സായോ സാംസ്കാരിക പ്രതീകമായോ വിളക്ക് ഉപയോഗിക്കുന്നതും മതപരമായ ആചാരത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും ആരാധനാക്രമങ്ങൾ ഇല്ലാത്ത ഒരു മതേതര പൊതുചടങ്ങിൽ വിളക്ക് കൊളുത്തുന്നതിന് വ്യക്തമായ വിലക്കുകളില്ലെന്നും മനസിലാക്കിയാൽ തീരാവുന്നതേയുള്ളൂ ഇത്തരം വിവാദങ്ങൾ.

Advertisement
WhiteswanTV Footer