കൊച്ചി: ഷംഷാബാദ് ബിഷപ്പ് സഞ്ചരിച്ച കാറിനു നേരെയുണ്ടായ അതിക്രമത്തിൽ മൂവാറ്റുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബിഷപ്പിന്റെ വാഹനം ഓടിച്ചിരുന്ന ജോർജിന്റെ പരാതിയിലാണ് ഇടുക്കി സ്വദേശി അൻവർ എന്ന ലോറി ഡ്രൈവർക്കെതിരെ കേസ് എടുത്തത്. സംഭവത്തിൽ അൻവറിന്റെ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി വിമാനത്താവളത്തിൽ നിന്ന് മടങ്ങുന്ന വഴിയിലാണ് സംഭവം. ബിഷപ്പ് സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി നേരിയ ഉരസൽ സംഭവിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കം വഷളായി. പിന്നാലെ മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് വെച്ച് ലോറി കാർ തടഞ്ഞുനിർത്തി ഹെഡ്ലൈറ്റും ബ്രേക്ക് ലൈറ്റും അടിച്ചു തകർത്തുവെന്നാണ് പരാതി.
അതിക്രമം കാണിക്കുക, അസഭ്യം പറയുക, നാശനഷ്ടം വരുത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.




