തൃശ്ശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കം ആദ്യ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. ജില്ലാപഞ്ചായത്തിലെയും കോർപറേഷനിലെയും സ്ഥാനാർഥികളെയാണ് ഡിസിസി പ്രസിഡന്റ്റ് ജോസഫ് ടാജറ്റ് പ്രഖ്യാപിച്ചത്. സിപിഎമ്മും ബിജെപിയും പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ഇവർ പട്ടിക പുറത്തിറക്കി. ജില്ലാപഞ്ചായത്തിലെ ആകെയുള്ള 29 സീറ്റുകളിൽ 13 സീറ്റുകളിലേക്കും കോർപറേഷൻ്റെ ആകെ 56 സീറ്റുകളിൽ 24 സീറ്റുകളിലേക്കുമാണ് നിലവിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. കോർപറേഷനിലെ 24 സ്ഥാനാർഥികളിൽ 12 പേർ പുതുമുഖങ്ങളാണ്. ജില്ലാപഞ്ചായത്തിലെ 13 പേരിൽ ആറുപേരും പുതുമുഖങ്ങളാണ്. നിലവിൽ ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കാത്തവരാണ് നിലവിൽ പട്ടികയിൽ ഇടംനേടിയത്.
കെപിസിസി സെക്രട്ടറിമാരായ ജോൺ ഡാനിയൽ, എ. പ്രസാദ് എന്നിവർ കോർപറേഷനിലെ ആദ്യപട്ടികയിലാണുള്ളത്. തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാർ, മുൻ ഡെപ്യൂട്ടി മേയർ സുബി ബാബു എന്നിവരും സ്ഥാനാർഥികളാണ്. പ്രതിപക്ഷനേതാവ് രാജൻ പല്ലൻ നിലവിൽ പട്ടികയിലില്ല. ജില്ലാപഞ്ചായത്ത് പ്രതിപക്ഷ കുക്ഷിനേതാവായ ജോസഫ് ടാജറ്റും ആദ്യ പട്ടികയിലില്ല. ഡിസിസി പ്രസിഡന്റ് ആയതിനാൽ തിരഞ്ഞെടുപ്പിൽനിന്നു മാറിനിൽക്കാനാണ് സാധ്യത.






