മലപ്പുറം: തിരൂരങ്ങാടി നഗരസഭ ഇരുപത്തി അഞ്ചാം ഡിവിഷനില്‍ ലീഗ് വിമത സ്ഥാനാര്‍ഥി. പിഎംഎ സലാമിന്റെ ഡിവിഷനിലാണ് ലീഗിന് വിമത സ്ഥാനാര്‍ഥിയുള്ളത്.
നിലവിലെ ഇരുപത്തി നാലാം ഡിവിഷന്‍ അംഗവും നഗരസഭ ഉപാധ്യക്ഷയുമായ സുലൈഖ കാലൊടി ആണ് മത്സരിക്കുന്നത്.
നിലവിലെ തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷ കൂടിയായ കാലൊടി സുലൈഖയാണ് 25-ാം ഡിവിഷന്‍ തിരൂരങ്ങാടി കെ.സി.
റോഡ് ഡിവിഷനില്‍ പ്രചാരണം തുടങ്ങിയത്.വനിതാ സംവരണമായ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് ഇവരുടെ പേര് ഉയര്‍ന്നിരുന്നതാണ്.
തര്‍ക്കമുയര്‍ന്നതോടെ ഇവര്‍ക്ക് സ്ഥാനാര്‍ഥിത്വം ഇല്ലെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന തിരൂരങ്ങാടിയിലെ മുസ്ലിംലീഗ് ഉന്നതാധികാരസമിതി തീരുമാനിച്ചിരുന്നു. അതോടെയാണ് കാലൊടി സുലൈഖ വിമത സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങിയത്.
സിപി ഹബീബയാണ് ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. നിലവിലെ കൗണ്‍സിലര്‍ മുസ്ലിംലീഗിലെ സി.പി. ഹബീബ ഈ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രചാരണം തുടങ്ങിയിട്ടുണ്ട്. ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കും ഇവരുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. അതിനിടെയാണ് വിമതസ്ഥാനാര്‍ഥി രംഗത്തെത്തിയത്. മുന്‍പും വിമത സ്ഥാനാര്‍ഥിയായി തിരൂരങ്ങാടിയില്‍ മത്സരിക്കുകയും ഗ്രാമപ്പഞ്ചായത്ത് അംഗമാവുകയും ചെയ്തയാളാണ് കാലൊടി സുലൈഖ.
അതേസമയം സുലൈഖ കാലൊടിയെ ഇടതുപക്ഷം പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്. സ്ഥാനങ്ങള്‍ക്ക് വേണ്ടിയല്ല ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്നാണ് സുലൈഖ കാലൊടി പറഞ്ഞത്. എന്നാല്‍ ഈ വിഷയത്തില്‍ നടപടി ഉണ്ടാകുമെന്ന് ലീഗ് നേതൃത്വം അറിയിച്ചിരിക്കുകയാണ്.






