ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിൽ അന്വേഷണം വ്യാപകമാകുന്നു. കാൻപൂരിൽ നിന്ന് അനന്ത്നാഗ് സ്വദേശി ഡോ. മുഹമ്മദ് ആരിഫിനെ സുരക്ഷാ ഏജൻസികൾ കസ്റ്റഡിയിൽ എടുത്തു. നേരത്തെ പിടിയിലായ ഡോ. പർവേസിനെയും ഡൽഹിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ കേസിൽ കസ്റ്റഡിയിൽ ഉള്ള ഡോക്ടർമാരുടെ എണ്ണം ആറായി.
ഡിസംബർ 6-നാണ് ചെങ്കോട്ടയിൽ സ്ഫോടനം നടത്താൻ ഉമറും സംഘവും ആസൂത്രണം ചെയ്തത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഭീകര നീക്കം എന്ന നിഗമനത്തിലെത്തിയത്.
എൻഐഎ അന്വേഷണം കൂടുതൽ ഊർജിതമാക്കി. ഗൂഢാലോചനയിൽ പങ്കാളികളായതായി സംശയിക്കുന്ന രണ്ടിലധികം ഡോക്ടർമാരെ കൂടി കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഹരിയാനയിൽ അമ്പതിലധികം പേരെ ഇതിനകം ചോദ്യം ചെയ്തു.
ഭീകരർ സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഒന്നര ലക്ഷം രൂപയ്ക്കാണ് വാങ്ങിയതെന്ന് ഫരീദാബാദ് റോയൽ കാർ സോണിലെ ഡീലർ അമിത് പട്ടേൽ വെളിപ്പെടുത്തി. കാർ ഉമറിന്റെ സുഹൃത്ത് താരിഖിന് വിറ്റതായും, വാഹനം വാങ്ങാനെത്തിയത് താരിഖും മറ്റൊരാളുമാണെന്നും രണ്ടാമൻ ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






