കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ സമരസമിതി പ്രതിഷേധം ശക്തമാക്കി. കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറയുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും.
രാവിലെ ഒമ്പതരയ്ക്കാണ് അമ്പലമുക്കിലെ ജനകീയ സമരസമിതിയുടെ സമരപ്പന്തലിൽ നിരാഹാരം തുടങ്ങുന്നത്. ഫ്രഷ് കട്ടിന്റെ പ്രവർത്തനത്തിന് സഹായകരമാകാനാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് സമരസമിതി ആരോപിച്ചു. സമരം ജില്ലാതലത്തേക്കും പിന്നീട് സെക്രട്ടറിയേറ്റിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയും സമരസമിതി പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് ഭാഗികമായി പുനരാരംഭിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് അടച്ചുപൂട്ടിയിരുന്ന പ്ലാന്റ് പൊലീസ് സുരക്ഷയിൽ പരിമിതമായ തോതിൽ പ്രവർത്തനം ആരംഭിച്ചു.
പ്രദേശത്ത് നിരോധനാജ്ഞ തുടർന്നുകൊണ്ടിരിക്കുകയാണ്. പ്ലാന്റ് പ്രവർത്തനത്തിന് ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ സ്നേഹിൽ കുമാർ സിങ് നവംബർ 13 വരെ നിരോധനാജ്ഞ ദീർഘിപ്പിച്ചിരുന്നു.




