തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എന്‍.വാസുവിന്റെ അറസ്റ്റിനു പിന്നാലെ ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന്റെ അറസ്റ്റും ഉടന്‍.
എസ്‌ഐടി 2 ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. അതേസമയം സിപിഎമ്മിലെ അഭിപ്രായഭിന്നതകള്‍ കാരണം അറസ്റ്റ് വൈകിയേക്കുമെന്ന സൂചനയും ചില പാര്‍ട്ടി നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്.
ഇതിനിടെ, സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രതികളായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാന്‍ഡ് കാലാവധി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഈമാസം 27 വരെ നീട്ടി.
കൊല്ലം വിജിലന്‍സ് കോടതി അവധിയായതിനാലാണ് പ്രതികളെ തിരുവനന്തപുരത്ത് ഹാജരാക്കിയത്. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ പിന്‍വലിച്ചു. എന്‍.വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു.
ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്.ജയശ്രീയുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ കോടതി തള്ളി. ജയശ്രീയെ അറസ്റ്റ് ചെയ്യുന്നതിനു പ്രത്യേക അന്വേഷണസംഘത്തിന് ഇനി തടസ്സമില്ല.


