തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ തീവെപ്പ് സംഭവത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാരോപിക്കപ്പെടുന്ന യുവാവും മരിച്ചു. പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി അനീഷ് (32) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച മരിച്ചത്. ശരീരത്തിന്റെ 80 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിൽ വെന്റിലേറ്ററിലായിരുന്നു ചികിത്സ.
സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ ചീരാണിക്കര സ്വദേശി നവാസ് (35) ചൊവ്വാഴ്ച മരണപ്പെട്ടിരുന്നു. ഇതോടെ തീവെപ്പിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇരിഞ്ചയം സ്വദേശി അരുൺ (36), വെമ്പായം സ്വദേശികളായ നൗഫൽ, റിയാസ് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. അരുൺ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി വെമ്പായം ജങ്ഷനിലെ വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസി ബാറിലാണ് സംഭവം. നവാസ്, നൗഫൽ, അരുൺ എന്നിവരടങ്ങുന്ന സംഘത്തിനൊപ്പം അനീഷും മദ്യപിച്ചിരുന്നു. ഇതിനിടെ ഉണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയതോടെ അനീഷ് ബാറിൽ നിന്ന് പുറത്തുപോയി.
അരമണിക്കൂറിന് ശേഷം പെട്രോളുമായി തിരിച്ചെത്തിയ അനീഷ് സംഘാംഗങ്ങളുമായി വീണ്ടും ഏറ്റുമുട്ടുകയും അവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ തീ അനീഷിന്റെ ശരീരത്തിലും പടർന്നു. പെട്രോൾ ഒഴിക്കുന്നത് തടയാൻ ശ്രമിച്ച റിയാസിനും പൊള്ളലേറ്റു.
സംഭവസമയത്ത് ബാറിനുള്ളിൽ മുപ്പതോളം പേരുണ്ടായിരുന്നു. തീപിടിത്തമുണ്ടായതോടെ ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ബാറിലെ മേശകൾ, കസേരകൾ, എയർ കണ്ടീഷണർ, ഫാനുകൾ ഉൾപ്പെടെ നിരവധി സാധനങ്ങൾ തീപിടിച്ച് നശിച്ചു.
സംഭവത്തിന് മുമ്പ് അനീഷ് പെട്രോളുമായി ബാറിലെത്തുന്നതും വഴിയിൽ പലതവണ വീഴുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സമീപത്തെ പെട്രോൾ പമ്പുകളിൽ നിന്നാണ് ഇയാൾ ഇന്ധനം വാങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




