ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ പൊലീസുകാരന് നേരെയുണ്ടായ വെടിവെപ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നിൽ തീവ്രവാദികളാണെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ലാൽ ചൗക്ക് മേഖലയിലായിരുന്നു സംഭവം. അമർനാഥ് തീർഥാടനത്തിന്റെ ഭാഗമായി സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനായ ആഷിഖ് ഹുസൈൻ ഖുറേഷി (35)യ്ക്കാണ് വെടിയേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഖുറേഷിയെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് പ്രദേശത്ത് വ്യാപക പരിശോധന ആരംഭിച്ച സുരക്ഷാസേന ആക്രമികൾക്കായുള്ള തിരച്ചിൽ ശക്തമാക്കി. മേഖലയിൽ കൂടുതൽ പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്.




