ആലപ്പുഴ: ഇരുപത്തൊമ്പത് വർഷം മുമ്പ് ജനിച്ചുവീണ ബോട്ടിൽ ജീവനക്കാരനായെത്തുന്ന അപൂർവനിമിഷത്തിന് സാക്ഷിയാകുകയാണ് വെള്ളിയാഴ്ച നെടുമുടി ബോട്ട് ജെട്ടി. പെരുമ്പളം സൗത്തിൽ കിഴക്കനേഴത്ത് വെങ്കിടേഷ് ബാബുവാണ് നെടുമുടി – ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന ജലഗതാഗതവകുപ്പിന്റെ എ47 ബോട്ടിൽ ലാസ്കറായി ഇന്ന് രാവിലെ ജോലിയിൽ പ്രവേശിക്കുന്നത്.
1996 ജൂൺ മൂന്നിന് പുലർച്ചെയാണ് പാണവള്ളി – പൂത്തോട്ട സർവീസ് നടത്തിയിരുന്ന ഇതേ ബോട്ടിൽ വെങ്കിടേഷ് ജനിച്ചത്. പെരുമ്പളത്ത് സ്ഥിരതാമസക്കാരായിരുന്നു അച്ഛൻ ബാബുവും അമ്മ ഷൈലയും. പുലർച്ചെ ഷൈലയ്ക്ക് പ്രസവവേദന തുടങ്ങി. എറണാകുളത്തെ സർക്കാർ ആശുപത്രിയിലെത്തിക്കാനുള്ള ഏകമാർഗം ഇൗ ബോട്ടായിരുന്നു. യാത്രാമധ്യേ വെങ്കിടേഷ് ജനിച്ചു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയശേഷം എറണാകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചി വാട്ടർ മെട്രോയിൽ താൽക്കാലിക ജീവനക്കാരനായിരിക്കെയാണ് പിഎസ്സി നിയമന ഉത്തരവ് ലഭിച്ചത്. ഓർമവച്ചനാൾമുതലുള്ള ആഗ്രഹമായിരുന്നു ജനിച്ച ബോട്ടിൽ ജോലിയിൽ പ്രവേശിക്കണമെന്നത്. സുഹൃത്തുക്കളായ ജീവനക്കാർ മുഖാന്തരം ഡയറക്ടറെ വിവരം അറിയിച്ചാണ് വെങ്കിടേഷ് അനുമതി നേടിയത്.




