കൊച്ചി: ബഹ്റൈൻ വിമാനത്താവളം താൽക്കാലികമായി അടച്ചതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്ന് ബഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. 122 യാത്രക്കാരുമായി പുറപ്പെടാനിരുന്ന വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിയ ശേഷം തുടർനടപടികൾ സ്വീകരിച്ചു.
ബഹ്റൈനിലെ ജനവാസ മേഖലകളെയും സുപ്രധാന സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വിമാനത്താവള പ്രവർത്തനങ്ങൾ തടസ്സപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ രാജ്യത്ത് അപായ സൈറണുകൾ മുഴങ്ങുകയും തുടർന്ന് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു.
ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾക്കും യുഎസ് സൈനിക താവളത്തിനും നേരെ എത്തിയ മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തകർത്തു. ആക്രമണത്തിൽ ആളപായമോ വൻ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്.
അതേസമയം, കുവൈത്തിലും സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവും മറ്റ് സുപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാനത്താവളത്തിലെ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു.
ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനാൽ വിമാന സർവീസുകളിലും യാത്രാ ക്രമീകരണങ്ങളിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.





