ബെംഗളൂരു: ശബരിമല തീർത്ഥാടനത്തിനായി കർണാടകയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങൾക്ക് നികുതി ഇളവ് നൽകണമെന്ന് കർണാടക സ്റ്റേറ്റ് ട്രാവൽ ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
മണ്ഡല–മകരവിളക്ക് തീർത്ഥാടനകാലയളവിൽ പ്രത്യേക ടാക്സ് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘടന കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനും കത്ത് നൽകിയിട്ടുണ്ട്.
ദസറ കാലത്ത് കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് മൈസൂരുവിൽ നൽകിയ ഇളവിന്റെ മാതൃക പരിഗണിക്കണമെന്നും സംഘടന കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് കർണാടക ഗതാഗതമന്ത്രിയോടും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ടൂറിസ്റ്റ് വാഹനങ്ങൾക്ക് പ്രത്യേക ടാക്സ് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സംഘടനയുടെ കത്ത് സമാപിക്കുന്നത്.






