കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ ഡിവിഷൻ 43, നല്ലളത്ത് ടിവി സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എസ്. ടി യു മുൻ ദേശീയ സെക്രട്ടറിയുമായ യു. പോക്കർ ലീഗ് വിട്ട് സി. പി. ഐ. എമ്മിൽ ചേർന്നു. നല്ലളം ജയന്തി നഗർ ശാഖയിൽ നിന്നും ഇദ്ദേഹത്തിന്റെ പേരായിരുന്നു പാർട്ടി നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇവിടെ സ്ഥാനാർത്ഥിയായി വി പി ഇബ്രാഹിമിന്റെ പേരാണ് പാർട്ടി പ്രഖ്യാപിച്ചത്.
നല്ലളം ഡിവിഷനിൽ എം.സി. മായിൻ ഹാജിയുടെ താല്പര്യം അടിച്ചേൽപ്പിച്ചതായി ആരോപിച്ച് ജയന്തിനഗർ ശാഖയിലെ മുസ്ലിം ലീഗും അനുബന്ധ ഘടകങ്ങളുടെയും മുഴുവൻ ഭാരവാഹികളും ഒരുമിച്ച് രാജിവച്ചിരുന്നു.
ദേശീയ സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക ഉപരോധവും തൊഴിലാളി വിരുദ്ധ പ്രവർത്തനങ്ങൾക്കിടയിലും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ പാവപ്പെട്ടവരോടും ദുർബല ജന വിഭാഗങ്ങളോടും കാണിക്കുന്ന ഉദാരപൂർവ്വമായ സമീപനവും പരിരക്ഷയും മനസ്സിലാക്കിയാണ് ഇടതുപക്ഷത്തേക്ക് കടന്നുവരുന്നതെന്ന് യു പോക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ നാലു പതിറ്റാണ്ട് കാലമായി മുസ്ലിംലീഗിന്റെ വിവിധ ഘടകങ്ങളിൽ പദവികൾ അലങ്കരിച്ചയാളാണ് ഇദ്ദേഹം. മുസ്ലിം ലീഗ് ബേപ്പൂർ നിയോജക മണ്ഡലം പ്രസിഡണ്ട്, യുഡിഎഫ് മണ്ഡലം ചെയർമാൻ, ലീഗ് ജില്ലാ കമ്മിറ്റിയംഗം, എസ് ടി യു ദേശീയ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട്, മിനിമം വേജസ് ഉപദേശക സമിതി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗണവാടി ക്ഷേമനിധി ബോർഡ് അംഗം എന്നിവ ഉൾപ്പെടെ അനേകം പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ നല്ലളം കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ആണ്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടി അനുവദിക്കുകയാണെങ്കിൽ ആലോചിക്കാം എന്ന് അദ്ദേഹം അറിയിച്ചു.






