കോതമംഗലം: കോട്ടപ്പടിയിലെ കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കോതമംഗലം കുളങ്ങാട്ടുകുഴി സ്വദേശികളായ ഗോപി, അയ്യപ്പൻകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്.
കോട്ടപ്പടിക്കടുത്തുള്ള വാവേലിയിൽ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് സംഭവം നടന്നത്. ഇരുവരും അബദ്ധത്തിൽ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. കാട്ടാന ആക്രമിച്ചെങ്കിലും ഗോപിയും അയ്യപ്പൻകുട്ടിയും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
തുടർന്ന് നാട്ടുകാർ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ തുരത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.






