തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥിയോടൊപ്പം വോട്ട് തേടി എത്തിയ പ്രവർത്തകൻ വീട്ടമ്മയെ കയറിപിടിച്ചെന്ന് പരാതി. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലാണ് സംഭവം നടന്നത്. സ്ഥാനാർത്ഥിയോടൊപ്പം പ്രചാരണത്തിനെത്തിയ രാജുവെന്ന വ്യക്തിക്കെതിരെയാണ് വീട്ടമ്മ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പ്രചാരണം പൂർത്തിയാക്കി മടങ്ങുന്നതിനിടെ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വീട്ടിൽ ആരും ഇല്ലാത്ത സാഹചര്യത്തിൽ വെള്ളം എടുക്കാൻ അകത്തേക്ക് പോയ വീട്ടമ്മയുടെ പിന്നിൽ രാജു കയറി ചെന്നെന്നും ഉപദ്രവിക്കാൻ ശ്രെമിച്ചെന്നുമാണ് പരാതി. വീട്ടമ്മ കരഞ്ഞ് വിളിച്ചപ്പോൾ രാജു വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്തതോടെ രാജു ഒളിവിലാണ്. രാജു പാര്‍ട്ടി അംഗമോ മറ്റു ഭാരവാഹിയോ അല്ലെന്നും അനുഭാവി മാത്രമാണെന്നുമാണ് പറയപ്പെടുന്നത്.






