കൊച്ചി: നഗരത്തിൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയംപിള്ളി സ്വദേശി നിയാസ് ആണ് മരിച്ചത്. മരടിലാണ് സംഭവം നടന്നത്.
മരട് ആറ്റുംപുറം റോഡിൽ വേലുവിന്റെ ഉടമസ്ഥതയിലുള്ള കാലങ്ങളായി ഉപേക്ഷിക്കപ്പെട്ട വീട് മൂന്ന് തൊഴിലാളികൾ ചേർന്ന് പൊളിച്ചുമാറ്റുകയായിരുന്നു. ഈ സമയത്ത് കെട്ടിടത്തിന്റെ ഒരു ഭാഗം അപ്രതീക്ഷിതമായി ഇടിഞ്ഞുവീഴുകയായിരുന്നു. ഭിത്തി ഇടിഞ്ഞുവീണപ്പോൾ മറ്റ് തൊഴിലാളികൾ ഓടി രക്ഷപെട്ടു.
പരിക്കേറ്റ നിയാസിനെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പി.എസ്. മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.




