കോഴിക്കോട്: പഞ്ചായത്ത് തലങ്ങളിൽ നടക്കുന്ന പൊതുജനവേദിയായ ഗ്രാമസഭയെ അനുകരിച്ച് കൊണ്ട് ഗവൺമെൻറ് യുപി സ്കൂൾ താമരശ്ശേരിയിൽ സ്കൂൾ സഭ സംഘടിപ്പിച്ചു. സ്കൂൾ ലീഡർ പഞ്ചായത്ത് പ്രസിഡണ്ടിന്റെ സ്ഥാനവും ക്ലാസ് ലീഡർമാർ വാർഡ് മെമ്പറുടെ സ്ഥാനവും അലങ്കരിച്ചു.
ഏഴാം ക്ലാസിലെ മുഴുവൻ കുട്ടികളും ഈ സ്കൂൾ സഭയിൽ പങ്കാളികളായി, സ്കൂളിലെ വിവിധ ആവശ്യങ്ങൾ സഭയിൽ ഉന്നയിക്കുകയും അത് ചർച്ച ചെയ്യുകയും വോട്ടിനിടുകയും അവയിൽ ചിലതൊക്കെ പാസാക്കുകയും ചെയ്തു. സ്കൂൾ സഭയിൽ പാസാക്കിയ കാര്യങ്ങൾ സ്കൂളിന്റെ പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ അവതരിപ്പിക്കാനും തീരുമാനമായി. വിദ്യാർഥികളിൽ ജനാധിപത്യ ബോധവും പൗര ധർമ്മവും ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.




