കോഴിക്കോട് : കൗമാരകലകളുടെ ഉത്സവമേളത്തിന് ഇന്നു സമാപനം. കലോത്സവത്തിന്റെ പ്രധാനവേദിയായ സ്റ്റേഡിയം മൈതാനത്ത് വൈകിട്ട് അഞ്ചിന് സമാപനസമ്മേളനം ചരിത്രകാരനും കേരളജ്യോതി പുരസ്കാരജേതാവുമായ എം.ആർ. രാഘവ വാരിയർ ഉദ്ഘാടനം ചെയ്യും. 4 ദിനം പിന്നിട്ടപ്പോൾ ഉപജില്ലകൾ തമ്മിലുള്ള മത്സരത്തിനു വാശിയേറുകയാണ്. കോഴിക്കോട് സിറ്റി ഉപജില്ല 809 പോയിന്റുമായാണ് കുതിപ്പ് തുടരുന്നത്.
തൊട്ടുപിറകിൽ 759 പോയിന്റുമായി ചേവായൂർ ഉപജില്ലയുണ്ട്. 743 പോയിന്റുമായി തോടന്നൂർ മൂന്നാമതും 738 പോയിന്റുമായി ബാലുശ്ശേരി നാലാമതുമാണ്. 724 പോയിന്റുള്ള പേരാമ്പ്രയാണ് അഞ്ചാമത്.സ്കൂളുകളിൽ 323 പോയിന്റുമായി കോഴിക്കോട് സിൽവർഹിൽസ് എച്ച്എസ്എസ് മുന്നേറ്റം തുടരുന്നു. 282 പോയിന്റുമായി മേമുണ്ട എച്ച്എസ്എസ് തൊട്ടുപിന്നിലുണ്ട്. 197 പോയിന്റുമായി ചക്കാലക്കൽ എച്ച്എസ് മൂന്നാമതും 189 പോയിന്റുമായി പേരാമ്പ്ര എച്ച്എസ് നാലാമതും 186 പോയിന്റുമായി ചിങ്ങപുരം സികെജിഎം എച്ച്എസ് അഞ്ചാമതുമാണ്.






