കോഴിക്കോട് : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഗോദയിൽ കച്ചമുറുക്കി ‘ആക്കച്ചുവട്’ വച്ച് മുന്നേറുകയാണ് പ്രശസ്ത കളരി ആചാര്യൻ കടത്തനാട് മുകുന്ദൻ ഗുരുക്കൾ. പുറമേരി പഞ്ചായത്തിന്റെ ഭരണത്തുടർച്ചയ്ക്ക് കരുത്തുപകരാനായി സിപിഐഎം സ്ഥാനാർത്ഥിയായിട്ടാണ് അദ്ദേഹം ജനവിധി തേടുന്നത്.
പുറമേരി പോസ്റ്റ് ഓഫീസ് മൂന്നാം വാർഡിൽനിന്നാണ് മുകുന്ദൻ ഗുരുക്കൾ മത്സരിക്കുന്നത്. കഴിഞ്ഞ 10 വർഷമായി യുഡിഎഫ് കയ്യടക്കിവച്ചിരുന്ന ഈ വാർഡ് തിരിച്ചുപിടിക്കുകയെന്ന സുപ്രധാന ദൗത്യമാണ് കന്നിയങ്കത്തിൽ അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നത്. കടത്തനാടൻ കളരി സംഘം പുറമേരി ശാഖയുടെ സ്ഥാപകൻ കൂടിയായ ഗുരുക്കൾക്ക് ശിഷ്യസമ്പത്ത് ഉൾപ്പെടെയുള്ള ജനകീയതയിൽ മികച്ച വിജയം നേടാനാകുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്.
കളരി ആചാര്യൻ വളപ്പിൽ കരുണൻ ഗുരുക്കളുടെ ശിഷ്യനായ മുകുന്ദൻ ഗുരുക്കൾ അരനൂറ്റാണ്ടിലേറെയായി കളരിപ്പയറ്റ് രംഗത്ത് സജീവമാണ്. കളരിയിലെ സമഗ്ര സംഭാവനകളെ മാനിച്ച് 2022-ൽ സാംസ്കാരിക വകുപ്പിന്റെ ഫോക്ക്ലോര്‍ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 36 വർഷം മുൻപ് അദ്ദേഹം സ്ഥാപിച്ച പുറമേരിയിലെ കടത്തനാട് കളരിസംഘം രാജ്യത്തിനകത്തും വിദേശരാജ്യങ്ങളിലുമായി നിരവധി പേർക്ക് പരിശീലനം നൽകി വരുന്നു.
കളരിപ്പയറ്റ് സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിലും പൊതുപ്രവർത്തന രംഗത്ത് അദ്ദേഹം സജീവമാണ്. കേരള ആയുർവേദ തൊഴിലാളി യൂണിയൻ (സി ഐടിയു) വടകര ഏരിയാ പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി പുറമേരി യൂണിറ്റ് പ്രസിഡന്റ്, കർഷക സംഘം യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിലും മുകുന്ദൻ ഗുരുക്കൾ പ്രവർത്തിക്കുന്നു. ഈ പൊതുസമ്പർക്കത്തിലൂടെ ലഭിക്കുന്ന പിന്തുണ തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.






