കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങാൻ സിഐടിയു (CITU) പേരാമ്പ്ര പഞ്ചായത്ത് കുടുംബ സംഗമം തീരുമാനിച്ചു. പേരാമ്പ്ര ടൗൺ ഹാളിൽ നടന്ന കുടുംബ സംഗമം സിഐടിയു നേതാവ് എ.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഒ.ടി. രാജു അധ്യക്ഷത വഹിച്ചു.
ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി.സിഐടിയു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് സംസാരിച്ചു. കൂടാതെ, പേരാമ്പ്ര പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളായ ടി.പി. കുഞ്ഞനന്തൻ, കെ. ബാബു, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥി ജിഷ കൊട്ടപ്പുറം, കെ.വി. അനുരാഗ് എന്നിവരും സംഗമത്തിൽ സംസാരിച്ചു.തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയം ഉറപ്പാക്കാനുള്ള വിപുലമായ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സംഗമം തീരുമാനമെടുത്തു. എൻ.കെ. ലാൽ സ്വാഗതവും വി.എം. ഷീജ നന്ദിയും പറഞ്ഞു.




