തിരുവനന്തപുരം: തലസ്ഥാനത്തിന്റെ വോട്ടിങ് രീതി നോക്കിയാൽ എക്കാലവും അപ്രതീക്ഷിതമായ ചില അട്ടിമറികൾ പ്രതീക്ഷിക്കാം. പാർലമെന്റിലും നിയമസഭയിലും ഇടതിനെയും വലതിനെയും മാറിമാറി ജയിപ്പിക്കാറുള്ള അനന്തപുരി തദ്ദേശ തിരഞ്ഞെടുപ്പിൽ മിക്കപ്പോഴും ഇടതിനൊപ്പമായിരുന്നു. ഇത്തവണ പ്രവചനാതീതമായ ത്രികോണമത്സരമാണ് 70 ശതമാനത്തോളം തദ്ദേശസ്ഥാപനങ്ങളിലും നടക്കുന്നത്.
ബിജെപിയുടെ ക്രമാനുഗതമായ വളർച്ച മറ്റുരണ്ട് മുന്നണികളെയും ആശങ്കയിലാക്കുന്നതാണ്. 2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, ആറ്റിങ്ങൽ, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഒന്നാം സ്ഥാനത്തും തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ രണ്ടാംസ്ഥാനത്തുമായിരുന്നു.
30 വർഷത്തോളമായി തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിനാണ് ഭരണം. 100-ൽ 35 സീറ്റുമായി കഴിഞ്ഞ രണ്ടുതവണയും ബിജെപിയാണ് പ്രതിപക്ഷത്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 10 വാർഡ് മാത്രം നേടി ദയനീയ സ്ഥിതിയിലായിരുന്നു യുഡിഎഫ്.
എന്നാൽ, ഇത്തവണ കേരളത്തിൽത്തന്നെ ആദ്യമായി സ്ഥാനാർഥിനിർണയം നടത്തി കോർപ്പറേഷനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത് കോൺഗ്രസായിരുന്നു. മേയർ സ്ഥാനത്തേക്ക് മുൻ ഡിജിപി ആർ. ശ്രീലേഖയെ ബിജെപിയും മുൻ എൽഎൽഎ കെ.എസ്. ശബരീനാഥനെ കോൺഗ്രസും മത്സരിപ്പിക്കുന്നുണ്ട്. സിപിഎം ജില്ലാകമ്മിറ്റിയംഗം എസ്.പി. ദീപക് അടക്കം വൻനിരയെ എൽഡിഎഫും രംഗത്തിറക്കിയിട്ടുണ്ട്.
രൂപവത്‌കരിച്ചതിനുശേഷം ഒരിക്കലൊഴിച്ച് എല്ലാ തിരഞ്ഞെടുപ്പിലും ജില്ലാപഞ്ചായത്ത് എൽഡിഎഫിനൊപ്പമാണ്. 2010-ൽ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ഭരണം പിടിച്ചിരുന്നു. ഭരണം പിടിക്കാനുള്ള ശക്തിയില്ലെങ്കിലും ഭൂരിഭാഗം ഡിവിഷനുകളിലും എൻഡിഎ നേടുന്ന വോട്ടായിരിക്കും ഇത്തവണ വിജയപരാജയങ്ങൾ നിർണയിക്കുക.
നാല് നഗരസഭകളിൽ നെടുമങ്ങാടും ആറ്റിങ്ങലും വ്യക്തമായ ഭൂരിപക്ഷത്തോടെത്തന്നെയാണ് എൽഡിഎഫ് ഭരണം നിലനിർത്തുന്നത്. അതേസമയം, വർക്കലയിലും നെയ്യാറ്റിൻകരയിലും കേവല ഭൂരിപക്ഷമില്ലാതെയാണ് ഭരണം.
ഗ്രാമപ്പഞ്ചായത്തുകളിൽ പലയിടത്തും ഇത്തവണ അട്ടിമറികൾ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനുപിന്നാലെ അഞ്ച് ഗ്രാമപ്പഞ്ചായത്തുകളിൽ ബിജെപി ഭരണം നേടിയിരുന്നു. എന്നാൽ, അവസാനം അത് രണ്ടായി ചുരുങ്ങി. തീരദേശത്തടക്കമുള്ള പല പഞ്ചായത്തുകളും തിരിച്ചുപിടിച്ച് നില മെച്ചപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. പഞ്ചായത്തുകളിലെയും സർക്കാരിന്റെയും വികസനനേട്ടങ്ങളും ശക്തരായ സ്ഥാനാർഥികളുമാണ് മിക്കയിടങ്ങളിലും എൽഡിഎഫിന്റെ തുറുപ്പുചീട്ട്.
ജില്ലാപഞ്ചായത്ത്
(ഡിവിഷൻ- 26)
എൽഡിഎഫ്- 20
യുഡിഎഫ്- 6
കോർപ്പറേഷൻ
എൽഡിഎഫ്- 54
ബിജെപി- 34
യുഡിഎഫ്- 10
സ്വതന്ത്രർ- 2
നഗരസഭ 4
എൽഡിഎഫ് 4
ഗ്രാമപ്പഞ്ചായത്തുകൾ 73
എൽഡിഎഫ്- 52
യുഡിഎഫ്- 19
ബിജെപി- 2
ബ്ലോക്ക് പഞ്ചായത്ത് 11
എൽഡിഎഫ്- 10
യുഡിഎഫ്- 1






