കോഴിക്കോട് : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (SIR) പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് (ഡിസംബർ 1) വൈകിട്ട് മൂന്ന് മണിക്കാണ് കോഴിക്കോട് ബീച്ച് മെയിൻ സ്റ്റേജിന് മുൻവശം മെഗാ കൈറ്റ് ഫെസ്റ്റിവൽ നടക്കുന്നത്. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെൽ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ്, വൺ ഇന്ത്യ കൈറ്റ് ടീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള പരിപാടിയാണിത്.
ഫെസ്റ്റിവലിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്, അസിസ്റ്റന്റ് കലക്ടറും ജില്ലാ സ്വീപ് സെൽ കോഓഡിനേറ്ററുമായ മോഹന പ്രിയ, ഡെപ്യൂട്ടി കലക്ടർമാരായ സി. ബിജു, ഗോപിക ഉദയൻ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് കോഓഡിനേറ്റർ ഡോ. നിജീഷ് ആനന്ദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ലാ എൻ.എസ്.എസ് കോഓഡിനേറ്റർ രാജഗോപാൽ, ജില്ലാ കോഓഡിനേറ്റർ ഫസീൽ അഹമ്മദ്, വൺ ഇന്ത്യ കൈറ്റ് ടീമിന്റെ സാരഥി അബ്ദുല്ല മാളിയേക്കൽ തുടങ്ങിയവർ പങ്കെടുക്കും.
ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള ആയിരത്തോളം എൻ.എസ്.എസ്–ഇ.എൽ.സി വിദ്യാർത്ഥികൾ ഫെസ്റ്റിവലിൽ പങ്കെടുത്ത് ബീച്ച് ആകാശം വർണാഭമാക്കും. പരിപാടിയുടെ ഭാഗമായി സരോവരം ബയോ പാർക്കിൽ 15 കോളേജുകളിലെ 300-ഓളം വിദ്യാർത്ഥികൾക്ക് പട്ടം നിർമാണ ശില്പശാലയും നേരത്തെ സംഘടിപ്പിച്ചിരുന്നു.
SIR നടപടികളും ഇലക്ഷൻ അവബോധ പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കുന്നതിന്റെ സമാപനമാകും ഇന്ന് നടക്കുന്ന മെഗാ കൈറ്റ് ഫെസ്റ്റിവൽ.






