കോട്ടയം: അടുത്ത ആഴ്ച്ച നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎയുടെ മകളും, കെഎസ്‍സി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ മരീന മോൻസ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി. കടുത്തുരുത്തിയിൽ യുഡിഎഫ് സ്ഥാനാർഥികളോടും മോൻസിനോടും മറ്റു നേതാക്കളോടുമൊപ്പമാണ് മരീന വോട്ട് തേടിയിറങ്ങിയത്. എം ജി യൂണിവേഴ്സിറ്റിയിൽ എം.എഡ് വിദ്യാർഥിനിയാണ്.
പിതാവ് മോൻസ് ജോസഫ് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുമ്പോൾ മരീനയും പ്രചാരണത്തിന് പോകാറുണ്ട്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ എന്നാൽ ആദ്യമാണ്. മോൻസിന്റെ നേതൃത്വത്തിൽ കടുത്തുരുത്തിയിൽനിന്നു കോട്ടയത്തേക്ക് നടത്തിയ കർഷക ലോങ് മാർച്ചിൽ പങ്കെടുത്തിരുന്നു.
എങ്കിലും തൽക്കാലം തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ രാഷ്ട്രീയത്തിൽ സജീവമാകാനോ ഇല്ലെന്നും അതേസമയം യുഡിഎഫ് സ്ഥാനാർഥികൾക്കു വേണ്ടി പ്രചാരണത്തിനിറങ്ങുന്നത് തന്റെ ആഗ്രഹമാണെന്നും മരീന പറഞ്ഞു.






