പാലക്കാട്: നെന്മാറ പ്രദേശത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം ആശങ്കയാകുന്ന സാഹചര്യത്തിൽ, ഗേൾസ് ഹൈസ്കൂളിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർത്ഥിനിയായ അനന്യയ്ക്ക് ഗുരുതരമായ പരിക്കേറ്റു.സ്കൂൾ സമയം അവസാനിച്ച് ബസ് പിടിക്കാൻ നെന്മാറ ജംഗ്ഷൻ ഭാഗത്ത് നടന്നുപോകുന്നതിനിടെയാണ് തെരുവ് നായ പിന്നിൽ നിന്ന് അക്രമിച്ചത്.
പരിക്കേറ്റ അനന്യയെ ഉടൻ തന്നെ നെന്മാറ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം ആരോഗ്യസ്ഥിതി നിരീക്ഷണത്തിലാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അടുത്തിടെ നെന്മാറയും പരിസര പ്രദേശങ്ങളായ അയിലൂർ, എലവഞ്ചേരി, മേലാർകോഡ്, നെല്ലിയാമ്പതി,കൊടുവായൂർ എന്നിവിടങ്ങളും ഉൾപ്പെടെ തെരുവ് നായയുടെ അതിക്രമം വർധിച്ചപ്പോൾ, നാട്ടുകാർ ഭീതിയിലാണ്. സ്കൂൾ സമയങ്ങളിലും മാർക്കറ്റ് മേഖലകളിലും നിരവധി നായ്ക്കളെ കാണപ്പെടുന്നതായി നാട്ടുകാർ പറയുന്നു. കുട്ടികളെയും യാത്രക്കാരെയും ആക്രമിക്കുന്ന സംഭവങ്ങൾ പതിവായിരിക്കുമ്പോഴും, സാഹചര്യം നിയന്ത്രിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു.
തെരുവ് നായ പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികളും പൊതുജനങ്ങളും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.






