മലപ്പുറം: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ കാന്‍ഡിഡേറ്റ് സെറ്റിങ് (സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവുമടങ്ങിയ ബാലറ്റ് പേപ്പർ വോട്ടിങ് യന്ത്രങ്ങളില്‍ പതിയ്ക്കുന്ന പ്രക്രിയ) ഇന്നും നാളെയും (ഡിസംബര്‍ ഏഴ്, എട്ട് ) ജില്ലയിലെ വിവിധ വോട്ടിങ് യന്ത്രങ്ങളുടെ വിതരണ കേന്ദ്രങ്ങളില്‍ നടക്കും. ജില്ലയില്‍ ആകെ 27 സ്വീകരണ വിതരണ-കേന്ദ്രങ്ങള്‍ ആണുള്ളത്. ഓരോയിടത്തേക്കും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ബാലറ്റ് യൂണിറ്റുകള്‍ സജ്ജമാക്കുന്നത്.
ത്രിതല പഞ്ചായത്ത് തലത്തില്‍ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്ട്രോള് യൂണിറ്റുമാണ് സജ്ജമാക്കുന്നത്. മുനിസിപ്പാലിറ്റി തലത്തില്‍ ഒന്നു വീതം ബാലറ്റ് യൂണിറ്റും കണ്ട്രോള് യൂണിറ്റും സെറ്റ് ചെയ്യും. വോട്ടിങ് കംപാര്‍ട്ട്മെന്റില്‍ വച്ചിട്ടുള്ള മൂന്നു ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക.
ഒരു ബാലറ്റ് യൂണിറ്റില്‍ 15 വരെ സ്ഥാനാര്‍ത്ഥികളെയാണ് ക്രമീകരിക്കുന്നത്. ഏതെങ്കിലും തലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം 15-ല്‍ കൂടുതലുണ്ടെങ്കില്‍ രണ്ടാമതൊരു ബാലറ്റ് യൂണിറ്റ് കൂടി സജ്ജമാക്കും. 16 മുതലുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരം രണ്ടാമത്തെ ബാലറ്റ് യൂണിറ്റിലാണ് ക്രമീകരിക്കുക. മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബലാണ് ബാലറ്റ് യൂണിറ്റില്‍ സജ്ജമാക്കുന്നത്. ഇത് സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരിക്കും നടത്തുക. ഗ്രാമപഞ്ചായത്തിന്റെ ബാലറ്റ് ലേബല്‍ വെള്ള നിറത്തിലും ബ്ലോക്ക് പഞ്ചായത്തിന്റേത് പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിന്റേത് ആകാശ നീല(സ്കൈ ബ്ലൂ) നിറത്തിലുമുള്ളതാണ്.
നഗരസഭകളില്‍ വെള്ളനിറത്തിലുള്ള ബാലറ്റ് ലേബലുകളാണ് ഉപയോഗിക്കുന്നത്. കാന്‍ഡിഡേറ്റ് സെറ്റിങിന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും വോട്ടിങ് യന്ത്രങ്ങളില്‍ മോക് പോള്‍ നടത്തും. ഇത് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും സ്ഥാനാര്‍ഥികളെയും കാണിക്കും. തുടര്‍ന്ന് മോക് പോള്‍ ഫലം ഡിലീറ്റ് ചെയ്ത് യന്ത്രങ്ങള്‍ സ്ട്രോങ് റൂമില്‍ സൂക്ഷിക്കും. വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മറ്റു പോളിങ് സാമഗ്രികള്‍ക്കൊപ്പം യന്ത്രങ്ങളും വിതരണം ചെയ്യും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്ക് സാങ്കേതിക തകരാറുകള്‍ അനുഭവപ്പെട്ടാല്‍ റിസേര്‍വ് ഇ.വി.എം മെഷീനുകളും സജ്ജമാണ്. 20 ശതമാനം റിസര്‍വ് ഇ.വി.എം മെഷീനുകള്‍ റിട്ടേണിങ്ങ് ഓഫീസര്‍മാരുടെ അധീനതയില്‍ സൂക്ഷിക്കും.






