കോഴിക്കോട്: സിപിഎം വിപ്ലവ മണ്ണ് എന്ന് വിശേഷിപ്പിക്കുന്ന ഒഞ്ചിയത്ത് അടക്കം പാര്‍ട്ടി ചിഹ്നം പോലും ഒഴിവാക്കി കുന്തവും കൊടച്ചക്രം അടക്കം ചിഹ്നമാക്കി തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട ഗതിക്കേടില്‍ പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. ജില്ലാ പഞ്ചായത്ത് അഴിയൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി ടി.കെ.സിബിയുടെ സ്ഥാനാര്‍ഥി പര്യടനം സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി ചിഹ്നത്തില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ പോലും വോട്ട് ചെയ്യില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ മുന്നണി പഞ്ചായത്ത് ചെയര്‍മാന്‍ കെ.അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അഴിയൂര്‍ ഡിവിഷന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ബാബു ഒഞ്ചിയം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയൂബ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി എന്‍.സരള, കേരള കോണ്‍. (ജേക്കബ്ബ്) ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് ചോമ്പാല, ടി.സി.രാമചന്ദ്രന്‍, എം.പി.ദേവദാസന്‍, പി.ബാബുരാജ്, യു.എ.റഹിം, സി.സുഗതന്‍, സോമന്‍ കൊളരാട് എന്നിവര്‍ പ്രസംഗിച്ചു.






