റിയാദ്: ലോകമെമ്പാടുമുള്ള സയാമീസ് ഇരട്ടകൾക്ക് പ്രത്യാശയുടെ കേന്ദ്രമായി മാറിയ സൗദി അറേബ്യയിൽ വീണ്ടും സങ്കീർണ്ണമായ ഒരു വേർപെടുത്തൽ ശസ്ത്രക്രിയ കൂടി വിജയകരമായി പൂർത്തിയായി. ടാൻസാനിയയിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ നാൻസിയുടെയും നൈസിന്റെയും ശസ്ത്രക്രിയയാണ് റിയാദിലെ കിങ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിൽ വിജയകരമായി നടത്തിയത്. ഒരു വയസ്സും ആറു മാസവും പ്രായമുള്ള ഈ പിഞ്ചുബാലികമാരെ വേർപെടുത്തുന്നതിനായി സൗദി കൺജോയിന്റ് ട്വിൻസ് പ്രോഗ്രാമിന്റെ കീഴിലുള്ള വിദഗ്ധ മെഡിക്കൽ സംഘം ഏകദേശം 16.5 മണിക്കൂറോളമാണ് ശസ്ത്രക്രിയയിൽ ഏർപ്പെട്ടത്. പത്തോളം ഘട്ടങ്ങളിലായി നടന്ന അതീവ സങ്കീർണ്ണമായ ഈ പ്രക്രിയയിലൂടെ കുട്ടികൾക്ക് വേറിട്ട ജീവിതം നൽകാൻ സാധിച്ചു എന്നത് മെഡിക്കൽ രംഗത്തെ വലിയൊരു നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയുടെ ഭാഗമായ ഈ ആശുപത്രിയിൽ മുൻപും നിരവധി സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയകൾ വിജയകരമായി നടന്നിട്ടുണ്ട്. സൗദി അറേബ്യയുടെ മാനുഷിക പരിഗണനയുടെയും അത്യാധുനിക മെഡിക്കൽ മികവിന്റെയും അടയാളമായി മാറിയ ഈ പദ്ധതിയിലൂടെ കഴിഞ്ഞ 35 വർഷത്തിനിടെ നടക്കുന്ന 71-ാമത്തെ ഓപ്പറേഷനാണ് ടാൻസാനിയൻ കുട്ടികളുടേത്. വിദഗ്ധരായ ഡോക്ടർമാരും ശസ്ത്രക്രിയാ വിദഗ്ധരും അടങ്ങുന്ന സംഘം ഏകോപനത്തോടെ പ്രവർത്തിച്ചാണ് നാൻസിയുടെയും നൈസിന്റെയും ആരോഗ്യനില തൃപ്തികരമായ രീതിയിൽ വേർപെടുത്തൽ പൂർത്തിയാക്കിയത്. ശസ്ത്രക്രിയക്ക് ശേഷം വിദഗ്ധ പരിചരണത്തിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിർദ്ധനരായ കുടുംബങ്ങളിലെ ഇത്തരം കുട്ടികൾക്ക് സൗദി ഭരണകൂടത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ സൗജന്യമായാണ് ഇത്തരം ശസ്ത്രക്രിയകൾ ചെയ്തുവരുന്നത്.



