കൊച്ചി: അവയവദാന പ്രക്രിയയ്ക്കായി ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും വ്യാജരേഖകൾ ചമച്ച വൻ സംഘത്തെ പോലീസ് പിടികൂടി. എറണാകുളം, കൊല്ലം ജില്ലകളിൽ നിന്നായി അഞ്ച് പേരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം കുന്നത്തുനാട് കുമാരപുരം മോറക്കാല സ്വദേശികളായ തടിയൻ വീട്ടിൽ സണ്ണി വർഗീസ്, ഭാര്യ സിനി വർഗീസ്, ചേലക്കുളം കവുങ്ങപ്പറമ്പ് സ്വദേശി സനോജ് എന്നിവരും കൊല്ലം കിളികൊല്ലൂർ സ്വദേശികളായ ശ്രീജ, സുധീർ എന്നിവരുമാണ് പോലീസിന്റെ വലയിലായത്. അവയവദാനത്തിനുള്ള നിയമപരമായ നടപടിക്രമങ്ങൾ മറികടക്കാനായി ഉന്നത രാഷ്ട്രീയ നേതാക്കളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും വിവിധ ആശുപത്രികളുടെയും പേരിലുള്ള വ്യാജ രേഖകളും സീലുകളും ഇവർ നിർമ്മിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വൃക്ക, കരൾ തുടങ്ങിയ അവയവങ്ങൾ മാറ്റിവെക്കുന്നതിനായി ആവശ്യമായ രേഖകളാണ് സംഘം കൃത്രിമമായി തയാറാക്കിയിരുന്നത്. അവയവമാറ്റത്തിന് ആവശ്യമായ മെഡിക്കൽ ബോർഡ് അനുമതിയും മറ്റ് നിയമപരമായ സർട്ടിഫിക്കറ്റുകളും വ്യാജമായി നിർമ്മിച്ച് വൻ തുകയ്ക്ക് കൈമാറുകയായിരുന്നു ഇവരുടെ രീതി. ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എറണാകുളം റൂറൽ പോലീസ് ആറ് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അതീവ രഹസ്യമായ നീക്കത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്. ഇവരിൽ നിന്ന് നിരവധി വ്യാജരേഖകളും ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ഏതെങ്കിലും ആശുപത്രി അധികൃതരുടെ ഒത്താശയുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. അവയവ വ്യാപാരവുമായി ബന്ധപ്പെട്ട വലിയൊരു മാഫിയയുടെ കണ്ണികളാണ് പിടിയിലായതെന്നാണ് പ്രാഥമിക സൂചന. കുന്നത്തുനാട് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കോടതിയിൽ ഹാജരാക്കി കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും.


