തൃപ്പൂണിത്തുറ: ഇരുമ്പനത്ത് തകരാറിലായ ലോറി നന്നാക്കുന്നതിനിടെ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറി ഉരുണ്ട് വന്ന് ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ പുളിങ്കുന്ന് സ്വദേശി ജിഷ്ണു ആണ് മരിച്ചത്. ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന്, ജീവനക്കാരൻ വിളിച്ചത് പ്രകാരം, ചേരാനല്ലൂരിലുളള സർവീസ് സെന്ററിൽ നിന്നും ലോറി നന്നാക്കാൻ എത്തിയതായിരുന്നു ജിഷ്ണു.
അറ്റകുറ്റപ്പണി നടക്കുമ്പോൾ അടുത്ത് പാർക്ക് ചെയ്തിരുന്ന എഥനോൾ ലോറി, ഡ്രൈവർ സെക്യൂരിറ്റി ക്യാബിനിലേക്ക് പോയ സമയത്ത് തനിച്ച് മുന്നോട്ട് ഉരുണ്ടു. അത് സർവീസ് സെന്ററിലെ വാഹനത്തെയും തുടർന്ന് റിപ്പയർ ചെയ്യപ്പെട്ടുകൊണ്ടിരുന്ന ലോറിയെയും ഇടിച്ചതോടെ ജിഷ്ണു ലോറിയുടെ മുൻചക്രത്തിനടിയിൽ കുടുങ്ങുകയായിരുന്നു.
തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ ജിഷ്ണുവിനെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ എഥനോൾ ലോറി മതിയായ സുരക്ഷയില്ലാതെ പാർക് ചെയ്തതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






