മലപ്പുറം: പെരിന്തൽമണ്ണ നഗരത്തിൽ ജൂബിലി ജംഗ്ഷനിലെ മൂന്ന് കടകളിൽ മോഷണം. കടകളുടെ പൂട്ട് തകർത്ത് ഷട്ടർ ഉയർത്തി, ഗ്ലാസ്സ് വാതിൽ അടിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കഴിഞ്ഞ ദിവസം രാത്രി 12.30 ഒന്നരക്കും ഇടയിലാണ് മോഷണം. വി.ടി ടയേഴ്സ്, മെയ്ക്ക് ദ പാർട്ടി ഷോപ്പ്, പ്ലാൻ എസ്റ്റിമേറ്റ് ഓഫീസിലുമാണ് കള്ളൻ കയറിയത്. ഇതിൽ വി ടി ടയർ കട താഴെ നിലയിലും മറ്റ് രണ്ട് ഷോപുകൾ ഒന്നാം നിലയിലുമാണ്.
മെയ്ക്ക് ദ പാർട്ടി ഷോപ്പിൽ നിന്ന് മേശയിൽ സൂക്ഷിച്ചിരുന്ന തുക നഷ്ടപ്പെട്ടു. ഇവിടത്തെ പുറത്തെ സി സി ടി വിയും നശിപ്പിച്ചു. പ്ലാൻ എസ്റ്റിമേറ്റ് ഓഫീസിലെ ഡിസ്‌ക് മോഷ്ടിച്ചു. മോഷ്ടാവിൻ്റെ ദൃശ്യം സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. മൂന്ന് കടകളുടേയും പൂട്ട് തകർത്ത് ഷട്ടർ ഉയർത്തിയ ശേഷം അകത്ത് കയറി ഗ്ലാസ്സ് ഡോർ അടിച്ച് തകർത്തിരിക്കുകയാണ്. ഗ്ലാസ് തകർത്തതിനാൽ മൂന്ന് കടക്കാർക്കും നഷ്ടം സംഭവിച്ചു. പെരിന്തല്‍മണ്ണ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.




