തൃശ്ശൂർ: ജില്ലയിൽ എൽ.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ വ്യക്തമാക്കി. തൃശ്ശൂർ കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും ഇടതുമുന്നണിക്ക് വ്യക്തമായ ആധിപത്യം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ഏഴ് നഗരസഭകളിൽ ഗുരുവായൂർ, ചാവക്കാട്, കുന്നംകുളം, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ എന്നിവ ഇപ്പോൾ എൽ.ഡി.എഫ് ഭരിക്കുന്നവയാണ്. ഇത്തവണ ഇവ മികച്ച ഭൂരിപക്ഷത്തോടെ നിലനിർത്താനും ഇരിങ്ങാലക്കുട, ചാലക്കുടി നഗരസഭകൾ കൂടി സ്വന്തമാക്കാനും കഴിയുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ.
ബ്ലോക്കുകളിലും ഗ്രാമപഞ്ചായത്തുകളിലും ഇടതുമുന്നണിയുടെ ആധിപത്യം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ജനക്ഷേമ പരിപാടികളിലൂടെ സർക്കാർ ജനങ്ങളുടെ മനസുകളിൽ വിശ്വാസം നേടിയതും എൽ.ഡി.എഫിന് അനുകൂലമായി പ്രവർത്തിച്ചതായും അബ്ദുൽ ഖാദർ പറഞ്ഞു. മറ്റുമുന്നണികൾ സ്വീകരിക്കുന്ന ജനവിഭജന നിലപാടുകൾ തന്നെ ജനങ്ങളെ അവരിൽ നിന്ന് അകറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




