മെക്സിക്കോ സിറ്റി: അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യയ്ക്കുമേല്‍ ഉയര്‍ന്ന തീരുവ ചുമത്തി മെക്സിക്കോയും. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് 50 ശതമാനം വരെ ഉയർന്ന തീരുവ ചുമത്താൻ സെനറ്റ് അനുമതി നൽകി.
2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ തീരുവകൾ വാഹനങ്ങൾ, സ്പെയർ പാർട്സ്, വസ്ത്രം, പ്ലാസ്റ്റിക്, സ്റ്റീൽ തുടങ്ങി വ്യാപകമായ ഉത്പന്നങ്ങളെ ബാധിക്കും. ഇതിലൂടെ 3.76 ബില്യൺ ഡോളറിന്റെ അധിക വരുമാനം സമാഹരിക്കാനാണ് മെക്സിക്കോയുടെ ലക്ഷ്യം.
ഈ തീരുമാനത്തോടെ 2024ൽ ഏകദേശം 8.9 ബില്യൺ ഡോളറിന്റെ കയറ്റുമതി നടത്തിയ ഇന്ത്യയ്ക്ക് പ്രതികൂല സ്വാധീനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു, പ്രത്യേകിച്ച് വാഹനങ്ങളും സ്പെയർ പാർട്സും കൂടുതൽ ബാധിക്കാമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രീണിപ്പിക്കാനായുള്ള നീക്കമാണിതെന്ന് ചിലർ ആരോപിക്കുന്നെങ്കിലും, ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്താനാണ് തീരുവ വർധനയെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ന്‍ബോം വ്യക്തമാക്കുന്നു.






