കോട്ടയം: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലെ മോനിപ്പള്ളി ഡിവിഷനിൽ ഉഴവൂരിന്റെ പ്രിയങ്കരിയായ ഡോക്ടർ സിന്ധുമോൾ ജേക്കബ് 1200 വോട്ടിന്റെ തിളക്കമാർന്ന ഭൂരിപക്ഷത്തോടെ വിജയിച്ചു. പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തന പാരമ്പര്യത്തിന്റെ പിൻബലമാണ് ഈ ഉജ്ജ്വല വിജയത്തിന് പിന്നിൽ. മുൻപ് ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഉഴവൂർ ഗ്രാമപഞ്ചായത്തംഗം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സിന്ധുമോൾ ജേക്കബ് പ്രവർത്തിച്ചിട്ടുണ്ട്.
വികസന കാഴ്ചപ്പാടോടുകൂടിയുള്ള സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് സിന്ധുമോൾ ജേക്കബിനെ പൊതുരംഗത്ത് വേറിട്ടുനിർത്തുന്നത്. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചപ്പോൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. നാടിന്റെ വികസനത്തിനായി വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയെന്ന നിലയിൽ രാഷ്ട്രീയ എതിരാളികൾ പോലും അവരെ അംഗീകരിച്ചിരുന്നു. ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളും ജനങ്ങൾ നൽകിയ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ബോധ്യവും രാഷ്ട്രീയത്തിനതീതമായ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി.
രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പുറമേ വിവിധ സാംസ്കാരിക പ്രവർത്തനങ്ങളിലും ഡോ. സിന്ധുമോൾ പതിറ്റാണ്ടുകളായി പൊതുരംഗത്തെ നിറസാന്നിധ്യമാണ്. നിലവിൽ മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എന്ന നിലയിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. പൊതുപ്രവർത്തനങ്ങളിലുള്ള ഈ ശക്തമായ അടിത്തറയാണ് മോനിപ്പള്ളി ഡിവിഷനിൽ ഇത്രയും വലിയ ഭൂരിപക്ഷം നേടാൻ അവരെ സഹായിച്ചത്.




