മലപ്പുറം: സ്ത്രീകളെ പൊതുഇടങ്ങളിൽ പ്രദർശിപ്പിക്കരുതെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരാമർശത്തെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണത്തിൽ മുസ്ലിം ലീഗിൽ അതൃപ്തിയെന്ന് സൂചന. സമുദായ നേതാവിനെ മുഖ്യമന്ത്രി പരസ്യമായി കടുത്ത ഭാഷയിൽ വിമർശിക്കേണ്ടിയിരുന്നില്ലെന്നാണ് ലീഗിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാടെന്നാണ് റിപ്പോർട്ട്.
വിശ്വാസികളോട് നടത്തിയ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി മറുപടി നൽകേണ്ട സാഹചര്യമില്ലായിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ തുറന്ന വിമർശനം സമുദായവിരുദ്ധ നിലപാടായി വ്യാഖ്യാനിച്ച് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇത് രാഷ്ട്രീയമായി തിരിച്ചടിയായേക്കാമെന്നും ലീഗ് നേതാക്കൾ വിലയിരുത്തുന്നതായാണ് വിവരം.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് കാന്തപുരത്തിന്റെ നിലപാടിനോട് തനിക്കോ സർക്കാരിനോ യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മുസ്‌ലിം ചരിത്രത്തിൽ സ്ത്രീകൾ വഹിച്ച പങ്ക് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കാന്തപുരത്തിന്റെ പ്രസ്താവന 19-ാം നൂറ്റാണ്ടിന്റെ ചിന്താഗതിയുടേതാണെന്നും വിമർശിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ എ.പി. വിഭാഗത്തിന്റെ ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത്തും രംഗത്തെത്തി. മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. വിഷയത്തിൽ മുഖ്യമന്ത്രിയുടെ കടുത്ത ഭാഷയിലുള്ള പ്രതികരണം വിവാദം വീണ്ടും സജീവമാക്കാൻ ഇടയാക്കിയെന്നാണ് ലീഗിലെ വിലയിരുത്തൽ.
കാന്തപുരത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹത്തെ മതപണ്ഡിതനെന്ന നിലയിൽ പരിഗണിക്കണമെന്നും സ്ത്രീസുരക്ഷ ലക്ഷ്യമിട്ടായിരിക്കാം പ്രസ്താവന നടത്തിയതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചിരുന്നു. മറ്റ് ലീഗ് നേതാക്കളും സമാന നിലപാടാണ് സ്വീകരിച്ചിരുന്നത്.
എന്നാൽ മുഖ്യമന്ത്രിയുടെ പരസ്യ വിമർശനം സംഘപരിവാർ അനുകൂല സമൂഹമാധ്യമ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ളവ തെറ്റായ രീതിയിൽ പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇത് തെരഞ്ഞെടുപ്പുകളിലടക്കം തിരിച്ചടിയാകാമെന്നും ലീഗിലെ ഒരു വിഭാഗം ആശങ്കപ്പെടുന്നതായാണ് റിപ്പോർട്ട്.
അതിനിടെ എ.പി. വിഭാഗവുമായി രാഷ്ട്രീയമായി അടുക്കാനുള്ള മുസ്‌ലിം ലീഗിന്റെ നീക്കങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശമെന്നതും പാർട്ടിക്കുള്ളിലെ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് വിവരം. വിഷയത്തിൽ ലീഗ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.




