തൃശ്ശൂർ: വെട്ടിക്കടവ് കോൾ കൃഷി സംഘം ഈ വർഷത്തെ നെൽകൃഷി നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു. കൃഷിയിൽ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി, ആദ്യമായി പൂർണമായും യന്ത്രവത്കൃത കൃഷിരീതി പരീക്ഷിക്കുകയാണ് വെട്ടിക്കടവ് കോൾപാടത്തെ കർഷകർ.
285 ഏക്കർ വിസ്തീർണ്ണമുള്ള കോൾപടവിൽ ഞാറു നടുന്നതിന് യന്ത്രങ്ങൾ ഉപയോഗിക്കണമെന്ന തീരുമാനം സംഘത്തിന്റെ വാർഷിക യോഗത്തിലാണ് എടുത്തത്. തിരുത്തിക്കാട് ബണ്ടിനോട് ചേർന്നുള്ള കോൾപടവിൽ ജലനിരപ്പിലെ ഇടക്കാല വ്യതിയാനം കൃഷിയെ ബാധിക്കുന്നതായുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം.
കഴിഞ്ഞ വർഷം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 40–60 ദിവസം പ്രായമായ ഞാറ് ഉപയോഗിക്കേണ്ടിവന്നതോടെ വിളവ് ഗണ്യമായി കുറഞ്ഞിരുന്നു. യന്ത്രം ഉപയോഗിച്ച് 13–15 ദിവസം പ്രായമായ ഞാറ് നട്ടാൽ മികച്ച വിളവ് ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. വടക്കാഞ്ചേരി ഗ്രീൻ ആർമി സംഘമാണ് യന്ത്രം ഉപയോഗിച്ച് നടീൽ നടത്തുന്നത്.
വിത്ത് സ്വീകരിച്ച് ഞാറ്റടി തയ്യാറാക്കി പരിപാലിച്ച് കർഷകർക്ക് നട്ട് നൽകുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഏക്കറിന് ഏകദേശം 7,500 രൂപ മാത്രമാണ് ചെലവ് വരുന്നത്, ഇതോടെ കൃഷിചിലവ് വലിയ തോതിൽ കുറയും. മണ്ണിന്റെ ഘടന പരിശോധിച്ച് കാർഷിക വിദഗ്ധരുടെ നിർദേശപ്രകാരം പ്രവർത്തനങ്ങൾ നടത്തും. കീടനാശിനി പ്രയോഗം ഡ്രോൺ ഉപയോഗിച്ചായിരിക്കും. ഇതിന്റെ ഭാഗമായി ശാസ്ത്രീയ കൃഷിരീതികളെക്കുറിച്ച് ക്ലാസുകളും സംഘടിപ്പിച്ചു.
ഉദ്ഘാടന ചടങ്ങിൽ കുന്നംകുളം നഗരസഭ കൗൺസിലർമാരായ പി.ജി. ജയപ്രകാശ്, സൗമ്യ അനിലൻ എന്നിവർ പങ്കെടുത്തു. സംഘം ഭാരവാഹികളായ കെ.എ. അസീസ്, വേലായുധൻ തിരുത്തിക്കാട് എന്നിവർ സംസാരിച്ചു.






