കോട്ടയം: സാമൂഹിക ക്ഷേമ-ജീവകാരുണ്യ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കുമരകം സ്വദേശിനി ദീപ റാണിക്ക് ഇന്റർനാഷണൽ എംപവേർഡ് വുമൺ ഐക്കൺ അവാർഡ് ലഭിച്ചു. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറക്ഷൻസ് ഫോഴ്സ് ഏർപ്പെടുത്തിയ ഈ പുരസ്കാരം, കഴിഞ്ഞ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് എറണാകുളം പി.ഡബ്ല്യു.ഡി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് റിട്ടയേർഡ് ചീഫ് ജസ്റ്റിസ് ഗോപിനാഥനിൽ നിന്ന് അവർ ഏറ്റുവാങ്ങി.
നിലവിൽ പെരിന്തൽമണ്ണ പി.ഡബ്ല്യു.ഡി ജൂനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന ദീപ റാണി, ഔദ്യോഗിക തിരക്കുകൾക്കിടയിലും സാമൂഹിക നീതിക്കും പാവപ്പെട്ടവരുടെ ക്ഷേമത്തിനുമായി സമയം കണ്ടെത്തുകയും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തുവരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒട്ടേറെ പ്രാദേശിക പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ദീപ റാണിയെ തേടിയെത്തുന്ന ആദ്യ ദേശീയതല അവാർഡാണിത്. കുമരകം പുതുപ്പറമ്പ് വീട്ടിൽ സജിത് കുമാറിന്റെ ഭാര്യയാണ് ഇവർ.









