കൊച്ചി: ഗർഭിണിയെ മർദിച്ച കേസിൽ സസ്‌പെൻഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ പുറത്തുവന്നു. സ്വിഗ്ഗി ജീവനക്കാരനായ റിനീഷ് ആണ് പുതിയ പരാതിയുമായി രംഗത്തെത്തിയത്. എറണാകുളം സ്വദേശിയായ റിനീഷ് ഒരു മാൻപവർ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്.
ജോലിക്കിടയിൽ ഒരു പാലത്തിനരികിൽ വിശ്രമിക്കുകയായിരുന്ന റിനീഷിനടുത്തേക്ക് എത്തിയ എസ്എച്ച്ഒ അവിടെ എന്തിനാണ് ഇരിക്കുന്നതെന്ന് ചോദിച്ച ശേഷം ലാത്തിയെടുത്ത് അടിക്കുകയായിരുന്നുവെന്ന് റിനീഷ് പരാതിയിൽ പറയുന്നു. ലാത്തിക്ക് അടിച്ചതിന്റെ കാരണം ചോദിച്ചപ്പോൾ മുഖത്ത് മർദിച്ചതായും റിനീഷ് വ്യക്തമാക്കി. മർദനത്തെ തുടർന്ന് ഛർദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെ റിനീഷ് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തെ തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും റിനീഷ് പരാതി നൽകി. പിന്നീട് അസിസ്റ്റന്റ് കമ്മീഷണർ എത്തി റിനീഷിന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിൽ റിനീഷിനെ മർദിച്ചതായി തെളിഞ്ഞതായും, ഇതിന്റെ ഭാഗമായി പ്രതാപചന്ദ്രന്റെ സർവീസ് ഹിസ്റ്ററിയിൽ ഒരു ബ്ലാക്ക് മാർക്ക് രേഖപ്പെടുത്തുന്ന നടപടി സ്വീകരിച്ചതായും റിനീഷ് അറിയിച്ചു.






