കോട്ടയം: ജില്ലയിലെ പ്രധാന റോഡുകളിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ‘ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്‌നിഷൻ’ (ANPR) സാങ്കേതികവിദ്യയുള്ള രണ്ട് പുതിയ ക്യാമറ യൂണിറ്റുകൾ കൂടി സ്ഥാപിക്കുന്നു. വൈക്കം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് പുതുതായി ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചത്. അയൽ ജില്ലകളിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിൽ നിരീക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങളെ വേഗത്തിൽ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പൂർണ്ണമായും പോലീസ് നിയന്ത്രണത്തിലായിരിക്കും ഈ ക്യാമറകളുടെ പ്രവർത്തനം. വാഹനം മോഷ്ടിച്ച് കടന്നു കളയുന്നവരെ പിടികൂടാനും, കുറ്റകൃത്യത്തിന് ശേഷം മറ്റ് ജില്ലകളിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ തടയാനും ഈ അത്യാധുനിക സംവിധാനം സഹായകമാകും. സംശയകരമായ സാഹചര്യത്തിൽ കാണപ്പെടുന്ന വാഹനങ്ങളെ എളുപ്പത്തിൽ നിരീക്ഷിക്കാൻ ഇതിലൂടെ പോലീസിന് സാധിക്കും.
നിലവിൽ ജില്ലയിൽ ചങ്ങനാശേരി, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ എഎൻപിആർ ക്യാമറകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. മൂന്നോ അതിലധികമോ ക്യാമറകൾ ഉൾപ്പെടുന്ന വിപുലമായ യൂണിറ്റുകളാണ് ഓരോ പോയിന്റുകളിലും സജ്ജീകരിക്കുന്നത്. പുതിയ യൂണിറ്റുകൾ കൂടി പ്രവർത്തനസജ്ജമാകുന്നതോടെ ജില്ലയിലെ പ്രധാന റോഡുകളെല്ലാം പോലീസിന്റെ കർശന നിരീക്ഷണ വലയത്തിലാകും.




