ഇന്ത്യൻ റെയിൽവേയിലെ നോൺ ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറി (അണ്ടർ ഗ്രാജ്വേറ്റ്-2026 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന വിജ്ഞാപനമാണിത്. 21 റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളിലായി (ആർആർബി.) 1688 ഒഴിവാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഇതിൽ 75 ഒഴിവ് തിരുവനന്തപുരം ആർആർബിക്ക് കീഴിലാണ്. ഓൺലൈനായി അപേക്ഷിക്കണം.
തസ്തികകളും ഒഴിവും: കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലാർക്ക്-700, അക്കൗണ്ട്‌സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്-200, ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്-600, ട്രെയിൻസ് ക്ലാർക്ക്-188 എന്നിങ്ങനെയാണ് ആകെയുള്ള ഒഴിവുകൾ.
അടിസ്ഥാന ശമ്പളം: കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലാർക്ക് തസ്തികയിൽ 21,700 രൂപ, മറ്റ് തസ്തികകളിൽ 19,900 രൂപ.
യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയ പ്ലസ്ടു വിജയം/ തത്തുല്യമാണ് എല്ലാ തസ്തികകളിലെയും അടിസ്ഥാന യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം നേടിയതായിരിക്കണം യോഗ്യത. പരീക്ഷാഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല. എസ്‌സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഉയർന്ന യോഗ്യതയുണ്ടെങ്കിൽ, പ്ലസ്ടുവിന് 50 ശതമാനം മാർക്ക് എന്ന നിബന്ധന ബാധകമായില്ല.
എല്ലാ തസ്തികകളിലേക്കും രണ്ട് ഘട്ടങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) നടത്തും. ഒന്നാംഘട്ടത്തിലുള്ള പരീക്ഷ 100 മാർക്കിനായിരിക്കും. ജനറൽ അവേർനസ്, മാത്തമാറ്റിക്‌സ്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ.
2027 ജനുവരി ഒന്നിന് 18-30 വയസ്. അപേക്ഷകർ 02.01.1997-നും 01.01.2009-നും ഇടയിൽ ജനിച്ചവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി (എൻസിഎൽ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് ജനറൽ 10 വർഷം, എസ്‌സി, എസ്ടി.-15 വർഷം, ഒബിസി (എൻസിഎൽ.)-13 വർഷം എന്നിങ്ങനെ വയസിളവ് ലഭിക്കും.
ഓൺലൈനായി അപേക്ഷിക്കണം. വെബ്‌സൈറ്റിലെ ലിങ്ക് മുഖേന അക്കൗണ്ട് ക്രിയേറ്റ് ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ഏതെങ്കിലും ഒരു ആർആർബിയിലേക്ക് അപേക്ഷിക്കാവൂ.
വിശദമായ വിജ്ഞാപനം 07/2026 എന്ന നമ്പറിൽ ആർആർബി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആർആർബി വെബ്‌സൈറ്റ്: https://rrb.indianrailways.gov.in ഈ വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷയോടൊപ്പം ഒപ്പും തത്സമയ ഫോട്ടോയും വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ അപ്ലോഡ് ചെയ്യണം. എസ്‌സി, എസ്ടി വിഭാഗക്കാർ ട്രെയിൻ യാത്രാസൗജന്യത്തിനായി ജാതിസർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 13



