കൽപ്പറ്റ: നിർമാണം ആരംഭിച്ച് പത്ത് വർഷം പിന്നിട്ടിട്ടും മേപ്പാടി–ചൂരൽമല റോഡിന്റെ പണി പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് നാട്ടുകാർ. ജനകീയ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അഞ്ചു മണിക്കൂറോളം ഉപരോധം നീണ്ടതോടെ ചൂരൽമലയിൽനിന്ന് മേപ്പാടിയിലേക്കും തിരിച്ചുമുള്ള ഗതാഗതം സ്തംഭിച്ചു.
രാവിലെ ഏഴുമണിയോടെയാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ മേപ്പാടി–ചൂരൽമല റോഡ് ഉപരോധിച്ചത്. കെ.എസ്.ആർ.ടി.സി ബസുകളും വിനോദസഞ്ചാരികളുടെ വാഹനങ്ങളുമടക്കം നൂറുകണക്കിന് വാഹനങ്ങൾ വഴിയിൽ കുടുങ്ങി. മണിക്കൂറുകൾ പിന്നിട്ടതോടെ പ്രതിഷേധം ശക്തമാക്കിയ നാട്ടുകാർ റോഡിൽ കിടന്നും സമരം ചെയ്തു.
പ്രതിഷേധം ശക്തമായതോടെ എ.ഡി.എം സ്ഥലത്തെത്തി സമരസമിതി അംഗങ്ങളുമായി ചർച്ച നടത്തി. പഞ്ചായത്ത് പ്രസിഡന്റ്, നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ, തഹസിൽദാർ, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി അധികൃതർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. നവംബർ 30നകം റോഡ് നിർമാണം പൂർത്തിയാക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതോടെ ഉച്ചയ്ക്ക് 12 മണിയോടെ നാട്ടുകാർ സമരം അവസാനിപ്പിച്ചു.



