കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ കോഴിക്കോട് തുടക്കമാകും. എൻഐടി ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയമാണ് പ്രധാന വേദി. ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന മേളയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ ഇന്ന് മുതൽ എത്തിത്തുടങ്ങും.
നാളെ വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ ദീപശിഖ തെളിയിക്കും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ഇന്ന് വൈകിട്ട് മൂന്നിന് ഊട്ടുപുരയിലെ പാലുകാച്ചൽ ചടങ്ങ് വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും. ലഹരിക്കെതിരായ സന്ദേശമായ ‘സേ നോ ടു ഡ്രഗ്സ്’ ഉയർത്തിപ്പിടിച്ചാണ് ഇത്തവണ കായികമേള സംഘടിപ്പിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി 4,000 കായികതാരങ്ങൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും 3,000 കുട്ടികൾ അണിനിരക്കുന്ന സാംസ്കാരിക പരിപാടിയും നടക്കും. ആദ്യദിനമായ 25ന് ഉദ്ഘാടനച്ചടങ്ങുകൾ മാത്രമാണ് ഉണ്ടാകുക. മത്സരങ്ങൾ ഒക്ടോബർ 26 മുതൽ 31 വരെയാണ്.
പത്ത് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. കായികമേളയിലെ പ്രധാന ആകർഷണമായ അത്‌ലറ്റിക്സ് മത്സരങ്ങൾ ഒക്ടോബർ 27 മുതൽ 31 വരെ എൻഐടി ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800 കായികതാരങ്ങൾ അത്‌ലറ്റിക്സിൽ മാറ്റുരയ്ക്കും.
ഇത്തവണ ഇൻക്ലൂസീവ് സ്പോർട്സിനും പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. ഈ വിഭാഗത്തിൽ രണ്ടായിരത്തോളം കായികതാരങ്ങൾ പങ്കെടുക്കും. കായികതാരങ്ങൾ, ടീം മാനേജർമാർ, ഒഫീഷ്യലുകൾ എന്നിവരുൾപ്പെടെ 15,000ത്തോളം പേർ മേളയുടെ ഭാഗമാകും. ഒക്ടോബർ 31ന് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് മുഖ്യാതിഥിയാകും.



