കണ്ണൂര്: മുഖ്യമന്ത്രി വി.ഡി. സതീശൻ തട്ടിപ്പ് ആരോപിച്ച ഭൂമിയിൽ വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ നീക്കവുമായി സർക്കാർ. കിഫ്ബി വഴി ഇടത് സർക്കാർ ഏറ്റെടുത്ത ഭൂമിയിലാണ് കേന്ദ്ര സർക്കാരിന്റെ ഭവ്യ പദ്ധതിയിൽ ഉൾപ്പെടുത്തി വ്യവസായ പാർക്കുകൾ ആരംഭിക്കാൻ ശ്രമം നടക്കുന്നത്. എറണാകുളം, കണ്ണൂർ ജില്ലകളിലായി 1,280 ഏക്കർ ഭൂമി പദ്ധതിയിൽ ഉൾപ്പെടുത്താനാണ് നീക്കം. ഇതിന്റെ ഭാഗമായി മട്ടന്നൂരിലെ 476 ഏക്കർ വിവാദ ഭൂമിയിൽ വ്യവസായ പാർക്ക് സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം.
ഐ.എ.എസ് ഉദ്യോഗസ്ഥ സുധ പിള്ള തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപണങ്ങൾ ഉന്നയിച്ചത്. കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ വ്യവസായ പാർക്കുകൾക്കായി മുൻപ് തീരുമാനിച്ചതിനേക്കാൾ ഉയർന്ന നിരക്കിൽ ഭൂമി ഏറ്റെടുത്തെന്നായിരുന്നു പ്രധാന ആരോപണം. സാധ്യതാ പഠനം നടത്താതെയാണ് ഭൂമി വാങ്ങിയതെന്നും ഏറ്റെടുത്ത ഭൂമിയിൽ വ്യവസായങ്ങൾ ആരംഭിക്കാൻ കഴിഞ്ഞില്ലെന്നും ആരോപണമുയർന്നിരുന്നു. ഭൂമി ഏറ്റെടുക്കൽ കണ്ണൂർ കേന്ദ്രീകരിച്ച് നടന്നതിലും ക്രമക്കേടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ, ഇതേ ഭൂമിയിൽ കേന്ദ്ര പദ്ധതിയുടെ ഭാഗമായി മൂന്ന് വ്യവസായ പാർക്കുകൾ സ്ഥാപിക്കാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്.
ഭൂമി ഏറ്റെടുക്കൽ തട്ടിപ്പായിരുന്നുവെങ്കിൽ അതേ ഭൂമിയിൽത്തന്നെ വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ സർക്കാർ ശ്രമിക്കുന്നത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. മട്ടന്നൂരിലെ 476 ഏക്കർ ഭൂമിയും പദ്ധതിക്കായി പരിഗണിക്കുന്നുണ്ട്. ഭവ്യ പദ്ധതിയിലൂടെ കേന്ദ്രത്തിൽനിന്ന് ഏകദേശം 1,450 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിക്ക് സർക്കാരിന് ഭാഗികമായി അനുമതി ലഭിച്ചതായും വിവരമുണ്ട്. ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേട് ആരോപിച്ച അതേ സർക്കാർ, ആ ഭൂമിയിൽ വികസന പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കാനാണ് സാധ്യത.
കണ്ണൂർ വിമാനത്താവളത്തിന് സമീപവും കിഫ്ബി വഴി സർക്കാർ ഭൂമി ഏറ്റെടുത്തിരുന്നു. ഇവിടെയും വലിയ ക്രമക്കേട് നടന്നെന്നായിരുന്നു സുധ പിള്ളയുടെ റിപ്പോർട്ട് ഉദ്ധരിച്ച് മുഖ്യമന്ത്രി ആരോപിച്ചത്. സി.പി.ഐ.എം നേതാക്കൾക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. ബിനാമികൾ വഴി ഭൂമി വാങ്ങിക്കൂട്ടിയ ശേഷം ഉയർന്ന വിലയ്ക്ക് വിറ്റുവെന്നും ഭൂമിയുടെ ന്യായവിലയുടെ അഞ്ചിരട്ടി വരെ നൽകിയാണ് ഏറ്റെടുത്തതെന്നുമായിരുന്നു ആരോപണം. ഈ 461 ഏക്കർ ഭൂമിയിലും വ്യവസായ പാർക്ക് ഉൾപ്പെടെയുള്ള പദ്ധതി കൊണ്ടുവരാനാണ് സർക്കാർ നീക്കം.
അതേസമയം, കിഫ്ബി ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സി.പി.ഐ.എം നേതാവും മന്ത്രിയുമായ പി. രാജീവ് രംഗത്തെത്തി. കിഫ്ബിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് വ്യക്തതയില്ലെന്നും അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കണ്ടപ്പോൾ നിയമത്തെക്കുറിച്ച് അദ്ദേഹത്തിന് ഇത്രയധികം അജ്ഞത എങ്ങനെ ഉണ്ടായെന്ന് തോന്നിയതായും പി. രാജീവ് പറഞ്ഞു.
ന്യായവിലയേക്കാൾ ഉയർന്ന തുക നൽകി ഭൂമി ഏറ്റെടുത്തുവെന്ന ആരോപണത്തിൽ, മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിൽ ദേശീയപാതയ്ക്കായി ഭൂമി വിട്ടുനൽകിയവർക്ക് എത്ര രൂപ നഷ്ടപരിഹാരം ലഭിച്ചെന്ന് അന്വേഷിച്ചാൽ വസ്തുതകൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നത് റവന്യൂ വകുപ്പാണെന്നും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ഏറ്റെടുക്കൽ നടത്തിയതെന്നും പി. രാജീവ് വ്യക്തമാക്കി. വസ്തുതകൾ മനസ്സിലാക്കാതെ തെറ്റിദ്ധാരണ പരത്തുന്നത് കേരളത്തിന്റെ വികസനത്തിന് തടസ്സമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


