തൃശ്ശൂർ: പടിഞ്ഞാറെ ചാലക്കുടി സർക്കാരിൻ്റെ വനം വകുപ്പ് തടി ഡിപ്പോയിലേയ്ക്കു കൊണ്ടു വന്ന തേക്കുതടി ലോറിയിൽ നിന്ന് ഇറക്കാനുള്ള ശ്രമത്തിനിടെ ലോറിയിൽ തട വച്ചിരുന്ന കുറ്റിക്കാൽ കെട്ടു വിട്ടു തെറിച്ചു ദേഹത്തു വീണു ഗുരുതരമായി പരുക്കേറ്റ തൊഴിലാളി മരിച്ചു. ചോമാട്ടി ബാബുവാണു മരിച്ചത്.
ഗുരുതരമായി പരിക്കേറ്റത്തിനെ തുടർന്ന് കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിരപ്പിള്ളി വനമേഖലയിൽ നിന്നുള്ള മരമാണ് ഇവിടേയ്ക്ക് കൊണ്ടു വന്നത്. തടി മറിഞ്ഞു വീഴാതിരിക്കാനായി ലോറിയുടെ പ്ലാറ്റ്ഫോമിൽ ഘടിപ്പിച്ച വളയത്തിൽ ഇറക്കി ഉറപ്പിച്ച, മരം കൊണ്ടുള്ള കുറ്റിക്കാലാണ് ഒടിഞ്ഞു 10 മീറ്റർ അകലെ നിന്നിരുന്ന ബാബുവിൻ്റെ ദേഹത്തേയ്ക്ക് തെറിച്ചു വീണത്.
അമ്പ് എയ്‌തതു പോലെ കുറ്റിക്കാൽ തെറിച്ചു പോകുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. തലയുടെ ഭാഗത്തു കുറ്റിക്കാൽ അടിച്ചു കൊണ്ടതോടെ ബോധരഹിതനായ ബാബുവിനെ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലേയ്ക്കു മാറ്റിയെങ്കിലും മരണം സംഭവിച്ചു.










