കോട്ടയം: പാലാ നഗരസഭയിലെ കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി നേതാവായി ബിജു പാലൂപടവനെ തെരഞ്ഞെടുത്തു. നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കേരള കോൺഗ്രസ് (എം)-ന് നിലവിൽ 10 അംഗങ്ങളാണുള്ളത്. കഴിഞ്ഞ കൗൺസിലിലും പാർട്ടിക്ക് 10 അംഗങ്ങൾ ഉണ്ടായിരുന്നു.
കേരള കോൺഗ്രസ് (എം) മുനിസിപ്പൽ മണ്ഡലം പ്രസിഡന്റും എൽ.ഡി.എഫ് ടൗൺ മണ്ഡലം കൺവീനറുമായി പ്രവർത്തിക്കുന്ന ബിജു പാലൂപടവൻ, 25-ാം വാർഡായ നെല്ലിയാനിയിൽ നിന്നുമാണ് ഇത്തവണ കൗൺസിലിലേക്ക് വിജയിച്ചത്. ഇത് മൂന്നാം തവണയാണ് അദ്ദേഹം നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
പാർട്ടി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ സ്റ്റീഫൻ ജോർജ്, ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് ബിജുവിനെ കക്ഷി നേതാവായി നിശ്ചയിച്ചത്.






